അരീക്കോട്: മടിയിൽ കനമില്ലെന്നും അതുകൊണ്ടു തന്നെ ഇഡി നടപടികളിൽ ഒരു ഭയവുമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംസ്ഥാനത്ത് ഇഡി കോൺഗ്രസ് കൂട്ടുകെട്ടാണ്, ആ കൂട്ടുകെട്ടിന്റെ പ്രകടമായ തെളിവാണ് നിയമസഭയിൽ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം അരീക്കോട് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.
ഇഡി റിമാൻഡ് റിപ്പോർട്ട് എന്ന് പറഞ്ഞാൽ ഞങ്ങൾ പേടിക്കില്ല. ഇതേ റിപ്പോർട്ടൊക്കെ ഡൽഹിയിലും ഉണ്ടായിരുന്നല്ലോ. എന്നിട്ട് എന്താ ഉണ്ടായത്. സോണിയ ഗാന്ധിയും രാഹുലും തള്ളിപ്പറഞ്ഞില്ലേ. രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞല്ലോ. ഞങ്ങൾക്ക് ഒരുനിലപാടേ ഉള്ളൂ . ഇ ഡി അന്വേഷണങ്ങൾ രാഷ്ട്രീയ പകപോക്കലാണെന്ന് കോൺഗ്രസിന്റെ ദേശീയ നേതൃത്വം പറയുന്നു. എന്നാൽ ദേശീയ തലത്തിൽ കോൺഗ്രസ് എടുക്കുന്ന നിലപാടല്ല ഇവിടെ കമ്മ്യുണിസ്റ്റ് വിരുദ്ധതമൂലം കോൺഗ്രസ് എംഎൽഎമാരും പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡൻറും സ്വീകരിക്കുന്നത്. മടിയിൽ കനമില്ലാത്തത് കൊണ്ട് ഇതിലൊന്നും ഞങ്ങൾക്ക് പേടിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
പാചക വാതക വില എത്രവേണമെങ്കിലും വർധിപ്പിച്ചോ എന്നാണ് കേന്ദ്ര സർക്കാർ പെട്രോളിയം കമ്പനികളോട് പറയുന്നത്. സ്ഥിരമായി കൂട്ടിക്കൊണ്ടിരുന്നത് വീണ്ടും കൂട്ടി. അതെല്ലാം അദാനിക്കും അംബാനിക്കും കുത്തക കുടുംബങ്ങൾക്കും വേണ്ടിയാണ്. കോൺഗ്രസ് അല്ലേ പാചക വാതക വില തീരുമാനിക്കാൻ കമ്പനികൾക്ക് അധികാരം നൽകിയത്. അത് മോഡി സർക്കാർ തോന്നിയപോലെ കൂട്ടുന്നു. കേരളത്തിൽ സാമൂഹ്യ ക്ഷേമപെൻഷൻ കിട്ടില്ല, കുറേപേർ അതിൽനിന്ന് പുറത്താകും എന്നതെല്ലാം തെറ്റായ പ്രചരണമാണ്.
കർഷകത്തൊഴിലാളി ക്ഷേനിധി ബോർഡിലേക്ക് അംശാദായം കുടിശ്ശിക പിഴ സഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കാൻ ഒരു മാസം കൂടി സർക്കാർ സാവകാശം നൽകിയിട്ടുണ്ട്. മാർച്ച് 31 വരെയാണ് തീയതി നീട്ടിയിട്ടുള്ളത്. സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്ക് വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയപരിധി നീട്ടി നൽകാനും സർക്കാർ ഇടപെടലുണ്ടാകും. സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തതിന്റെ പേരിൽ പെൻഷൻ നിഷേധിക്കപ്പെടുന്നത് ഒഴിവാക്കാനുള്ള ജാഗ്രത സർക്കാർ സംവിധാനങ്ങൾക്ക് ഉണ്ടാകണം. മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തിൽ 62 ലക്ഷം പേർക്കാണ് സാമൂഹ്യസുരക്ഷാ പെൻഷൻ നൽകുന്നത്.
60 വയസ്സുകഴിഞ്ഞവരിൽ 78 ശതമാനം പേർക്കും വിവിധതരം പെൻഷൻ നൽകുന്ന ഏക സംസ്ഥാനമാണ് കേരളമെന്ന് റിസർവ് ബാങ്ക് തന്നെ പറഞ്ഞിട്ടുണ്ട്. എല്ലാവർക്കും ഭൂമിലഭ്യമാക്കുകയും ഭൂമിക്ക് പട്ടയം നൽകുകയും ചെയ്യും. സ്വന്തമായി ഒരു വീടെന്ന ജനലക്ഷങ്ങളുടെ സ്വപ്നത്തിന് വെളിച്ചം പകരുകയാണ് ലൈഫ് മിഷൻ പദ്ധതി. ലൈഫ് മിഷന്റെ ഭാഗമായി 2023-24ൽ 71,861 വീടും 30 ഭവന സമുച്ചയവും നിർമിക്കുകയാണ് അടുത്ത ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.