തിരുവനന്തപുരം: ജനജീവിതം വീണ്ടും ദുസ്സഹമാക്കി കേന്ദ്രസർക്കാർ പാചകവാതക വില കുത്തനെ വർധിപ്പിച്ചിട്ടും യുഡിഎഫിന് മിണ്ടാട്ടമില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾക്ക് പിന്നാലെ വീണ്ടും കേന്ദ്രസർക്കാർ ജനദ്രോഹ നടപടികളുമായി കേന്ദ്ര സർക്കാർ രംഗത്തിറങ്ങിയിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
ഗ്യാസ് സബ്സിഡി നൽകുന്നത് രണ്ട് വർഷത്തിലധികമായി കേന്ദ്രസർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. പ്രതിവർഷം രണ്ടായിരത്തിലധികം കോടി രൂപയുടെ അധിക ഭാരമാണ് സംസ്ഥാനത്തെ ജനങ്ങൾക്ക് ഇതിലൂടെ ഉണ്ടാകുന്നത്. ഇതിനുപുറമേയാണ് വില വർദ്ധനവിലൂടെയുള്ള ഇരുട്ടടി. സാധാരണക്കാരുടെ ജീവിതം താളം തെറ്റിക്കുന്ന വില വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് വഴി ഹോട്ടലുകളിലും രൂക്ഷമായ വിലക്കയറ്റം ഉണ്ടാകും. കേന്ദ്ര സർക്കാറുകളുടെ ജനദ്രോഹ നടപടികളെ എതിർക്കാത്ത കേരളത്തിലെ പ്രതിപക്ഷത്തേയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
കേന്ദ്ര നടപടിക്കെതിരെ പ്രതിപക്ഷം ഒരക്ഷരം പോലും പറയാൻ സാധ്യതയില്ല. സാമൂഹ്യ ക്ഷേമ പെൻഷൻ നൽകുന്നതിനായുള്ള സീഡ് ഫണ്ടിലേക്ക് 2 രൂപ പെട്രോൾ ഡീസൽ സെസ് വകയിരുത്തിയാൽ സമരവും കലാപവും അഴിച്ചുവിടുന്ന യുഡിഎഫ് നേതൃത്വം കേന്ദ്ര സർക്കാരിന്റെ നടപടികൾക്ക് മുന്നിൽ വിനീതവിധേയരാണ്. സംഘപരിവാർ യുഡിഎഫ് ബന്ധത്തിന്റെ പരസ്യമായ തെളിവാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.