തിരുവനന്തപുരം:സൗജന്യ കൈത്തറി യൂണിഫോം ലഭിക്കാത്ത ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന സര്‍ക്കാര്‍ ഹൈസ്കൂളിലെ എപിഎല്‍ വിഭാഗം ആണ്‍കുട്ടികള്‍ക്കും യു. പി, എച്ച്. എസ് വിഭാഗം എയ്ഡഡ് സ്കൂളിലെ ഒന്ന് മുതല്‍ എട്ട് വരെയുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഒരു കുട്ടിക്ക് രണ്ടു ജോഡി യുണിഫോമിന് പണം നൽകാൻ 23 കോടി രൂപ അനുവദിച്ചതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 3,91,104 കുട്ടികൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈത്തറി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലുള്ള സൗജന്യ കൈത്തറി യുണിഫോം പദ്ധതി പ്രകാരം സംസ്ഥാനത്തെ എൽ. പി, യു. പി സർക്കാർ സ്കൂളിലും എൽ. പി വിഭാഗം എയിഡഡ് സ്കൂളിലുമാണ് കൈത്തറി യുണിഫോം നൽകിവരുന്നത്.
2022-23 അധ്യയന വർഷത്തെ യുണിഫോം വിതരണം ഇതിനോടകം പൂർത്തീകരിച്ചിട്ടുണ്ട്. നിലവില്‍ കൈത്തറി യുണിഫോം നല്‍കാത്ത ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന സര്‍ക്കാര്‍ ഹൈസ്കൂളിലെ എപിഎല്‍ വിഭാഗം ആണ്‍കുട്ടികള്‍ക്കും യൂ. പി, എച്ച്. എസ് വിഭാഗം ഏയ്ഡഡ് സ്കൂളിലെ ഒന്ന് മുതല്‍ എട്ട് വരെയുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഒരു കുട്ടിക്ക് രണ്ടു ജോഡി യുണിഫോമിന് 600 രൂപ നിരക്കില്‍ അലവന്‍സ് നല്കുന്നു.
2022-23 അധ്യയന വര്‍ഷം സൗജന്യ കൈത്തറി യുണിഫോം നല്‍കാത്ത മേല്പറഞ്ഞ സ്കൂളുകള്‍ക്ക് 600 രൂപ നിരക്കില്‍ ഭരണാനുമതി ലഭിച്ചിരുന്നു. ഈ തുകയില്‍ നിന്നും സര്‍ക്കാര്‍ ഹൈസ്കൂളുകളിലെ ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളില്‍ പഠിക്കുന്ന എപിഎല്‍ വിഭാഗം ആണ്‍കുട്ടികള്‍ക്കും യു.പി , എച്ച്.എസ് എയ്ഡഡ് സ്കൂളിലെ ഒന്ന് മുതല്‍ നാല് വരെയുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും 600 രൂപ നിരക്കില്‍ ആകെ 23,46,62400/- രൂപ അനുവദിച്ചു .പ്രസ്തുത തുക ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്കൂളുകള്‍ക്ക് വിതരണം ചെയ്യുന്നതാണെന്ന് മന്ത്രി അറിയിച്ചു.