തിരുവനന്തപുരം: രാജ്യത്തെ പട്ടികവർഗ വിഭാഗം നേരിടുന്ന വെല്ലുവിളികൾ കേരളത്തിൽ ഇല്ലെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. രാജ്യത്ത് ജാതീയത ഇപ്പോഴും നിലനിൽക്കുന്നു. എന്നാൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന പൊതുരീതി കേരളത്തിലില്ല. ആദിവാസി വിഭാഗം അതിക്രമത്തിന് ഇരയാകുന്ന സാഹചര്യം പരിശോധിക്കണം. ആ സാഹചര്യം ഇല്ലാതാക്കുകയാണ് വേണ്ടത്. അതിനുള്ള ക്രിയാത്മകമായ നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചു.
സംസ്ഥാനത്ത് പട്ടികവർഗ്ഗക്കാർ ആക്രമണത്തിനും അധിക്ഷേപത്തിനും പൊതുവേ ഇരയാകുന്നില്ല, എന്നാൽ ഒറ്റപ്പെട്ട സംഭവങ്ങൾ ഗൗരവത്തോടെ കാണുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. അക്കാര്യത്തിൽ കർശന നടപടികൾ സ്വീകരിച്ചു വരുന്നതായും മന്ത്രി അറിയിച്ചു. പട്ടികവർഗ്ഗക്കാർ ആക്രമണത്തിന് ഇരയാകുന്നത് തടയാൻ സമൂഹത്തിൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് ആദിവാസി യുവാവ് വിശ്വനാഥൻ്റെ മരണം പോലുള്ള സംഭവങ്ങൾ ഗൗരവമായി കാണുന്നു. ഇതിൽ കർശന നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ട്. സിറ്റി പോലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. അട്ടപ്പാടി മധു കേസിലെ സാക്ഷികൾക്ക് മതിയായ സുരക്ഷ നൽകി കൂറുമാറ്റം തടയാൻ വേണ്ടത് ചെയ്യുമെന്നും മന്ത്രി അറിയിച്ചു.