മലപ്പുറം: കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് ലിമിറ്റഡി(എച്ച്ഐഎൽ-ഹിൽ ഇന്ത്യ)ൻ്റെ കേരള, പഞ്ചാബ് യൂണിറ്റുകൾ അടച്ചിടാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പ്രതിഷേധാർഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിലും പഞ്ചാബിലും മാന്ത്രമാണ് യൂണിറ്റ് അടച്ചിടാനുള്ള തീരുമാനമുള്ളത്. മഹാരാഷ്ട്രയിലേത് തുടരും. ഇത് ആർഎസ്എസിൻ്റെ ഇടപെടലാണ്. കേരളത്തിലും പഞ്ചാബിലും അവർ ഇഷ്ടപ്പെടുന്ന ഗവൺമെന്റല്ല. താൽപര്യമുള്ള മഹാരാഷ്ട്രയിലെ യൂണിറ്റ് തുടരുകയാണ്. കേരളത്തിൽ ആർഎസ്എസ് ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങൾ നടക്കുന്നില്ല. അതുകൊണ്ടാണ് ഇത്തരം വേർതിരിവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഇത് സംബന്ധിച്ച് ബിജെപിക്കും യുഡിഎഫിനും എന്ത് നിലപാടാണ് ഉള്ളതെന്ന് പറയണം. 1990 മുതൽതന്നെ സാമ്പത്തിക ഉദാരവത്ക്കരണത്തിൻ്റെ ഭാഗമായി സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും സ്വകാര്യവത്ക്കരിക്കുകയും ചെയ്യുന്നു. സംസ്ഥാനത്ത് സർക്കാർ ഇടപെട്ടപ്പോളാണ് ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ്, ബെൽ സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ കഴിഞ്ഞത്. സർക്കാരിൻ്റെ ശ്രമഫലമായി കെപിപിഎൽ 12 പത്രങ്ങൾക്ക് പേപ്പർ നൽകാനുള്ള ശേഷി നേടി.
രാജ്യം ഭരിക്കുന്ന തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തോട് ശക്തിയായ എതിർപ്പ് പോലും പ്രകടിപ്പിക്കാൻ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് കഴിഞ്ഞിട്ടില്ല. മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. ഹരിയാനയിൽ യുവാക്കളെ തട്ടിക്കൊണ്ട് പോയി ചുട്ടുകൊന്ന സംഘ്പരിവാർ നേതാവിൻ്റെ പേര് പുറത്തുവന്നിട്ടും കേസ് എടുക്കാൻ രാജസ്ഥാൻ സർക്കാർ തയ്യാറായിട്ടില്ല.
ജമാഅത്തെ ഇസ്ലാമി ആർഎസ്എസ് ചർച്ചയെക്കുറിച്ച് ഇതുവരെ യുഡിഎഫ് അഭിപ്രായം പറഞ്ഞിട്ടില്ല. മുസ്ലീംലീഗ് സമ്മേളനത്തിൽ ഇ ടി മുഹമ്മദ് ബഷീർ നടത്തിയ പ്രസംഗത്തെ കുറിച്ചറിഞ്ഞു. കമ്യൂണിസ്റ്റുകാർ മതനിരാസം എന്ന നിലപാട് അംഗീകരിക്കുന്നില്ല. പാർട്ടി രൂപീകരിച്ച സമയത്തുതന്നെ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട് മതനിരാസമല്ല, മതനിരപേക്ഷതയാണ് സിപിഎം മുന്നോട്ടുവയ്ക്കുന്നത്. മതത്തെ തള്ളിപ്പറയാനോ, വിശ്വാസികളെ തള്ളിപ്പറയാനോ സിപിഎം ഉദ്ദേശിക്കുന്നില്ല. മാർക്സിസ്റ്റുകാർ മതത്തെ ഇല്ലായ്മ ചെയ്യാൻ പ്രവർത്തിക്കുന്നുവെന്നത് തെറ്റായ പ്രചാരണമാണ്. മുസ്ലിംകളെ കമ്യൂണിസ്റ്റുകാരിൽനിന്ന് അകറ്റാനുള്ള ശ്രമം നടക്കാൻ പോകുന്നില്ല. മലപ്പുറം നല്ലതുപോലെ മാറിയിരിക്കുകയാണെന്ന് കൊണ്ടോട്ടിയിൽ കടന്നപ്പോൾ മനസ്സിലായി.
ഒബിസി മന്ത്രാലയം, ജാതി സെൻസസ് തുടങ്ങിയ കോൺഗ്രസ് പ്ലീനറി പ്രഖ്യാപനങ്ങൾ തെരഞ്ഞെടുപ്പ് വരുമ്പോൾ ആളെ പറ്റിക്കാനുള്ള തന്ത്രമാണ്. അദാനിമാരെയും ചങ്ങാത്ത മുതലാളിത്തത്തെയും കുറിച്ച് സംസാരിക്കുന്ന രാഹുൽ ഗാന്ധി അടക്കമുള്ളവർ നവ ഉദാര നയത്തെ ഈ സമ്മേളനത്തിലും തള്ളി പറഞ്ഞിട്ടില്ല. മോദിയും അദാനിയും ഒന്നാണെന്നാണ് രാഹുൽ ഗാന്ധി ഇപ്പോൾ പറയുന്നത്. ഒന്നാക്കിയതിനുള്ള കാരണം നവ ഉദാരവൽക്കരണ നയമാണ്. ഈ നയം നടപ്പിലാക്കിയതിൻ്റെ പ്രധാനപ്പെട്ട ഉത്തരവാദി കോൺഗ്രസാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.