കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പ് സംബന്ധിച്ച വിജിലൻസ് അന്വേഷണം ആരംഭിച്ചതോടെ അതിന് പിന്നിൽ ആരൊക്കെയാണ് പ്രവർത്തിച്ചത് എന്ന് വ്യക്തമാവുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. വ്യാജ അപേക്ഷകൾ ശുപാർശ ചെയ്‌ത് സർക്കാരിന് സമർപ്പിച്ചവരുടെ കുട്ടത്തിൽ ആറ്റിങ്ങലിൽ നിന്നുള്ള കോൺഗ്രസ് എംപിയും മുൻ മന്ത്രിയുമായ അടൂർ പ്രകാശും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉൾപ്പെടെയുണ്ടെന്ന കാര്യമാണ് പുറത്തുവന്നിട്ടുള്ളത്. കേവലം ഒന്നോ രണ്ടോ പേരുടെ അപേക്ഷകളിലാണ് ഇത് സംഭവിച്ചതെങ്കിൽ സ്വാഭാവികമായ ശ്രദ്ധക്കുറവെന്ന് ധരിക്കാം. പക്ഷേ, ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നതിനുള്ള ഏജൻസിയായി ചിലർ പ്രവർത്തിച്ചുവെന്ന് വേണം കരുതാൻ. സിപിഎമ്മിന് വേണ്ടപ്പെട്ടവരാണ് തട്ടിപ്പിന് പിന്നിലെന്ന് ആക്ഷേപിക്കുന്ന യുഡിഎഫും അവരെ അനുകൂലിക്കുന്ന മാധ്യമങ്ങളും എന്തേ ഇക്കാര്യം മറച്ചുവെക്കാൻ ശ്രമിക്കുന്നത്? വ്യാജ അപേക്ഷകരെ പ്രോത്‌സാഹിപ്പിച്ച് സുതാര്യമായി പ്രവർത്തിക്കുന്ന എൽഡിഎഫ് സർക്കാരിൻ്റെ പ്രതിഛായ തകർക്കാനുള്ള ഗൂഢാലോചനയും ഇതിൻ്റെ പിന്നിലുണ്ടോ എന്നും സംശയിക്കണം. പഴുതടച്ച അന്വേഷണവും തുടർനടപടികളും ഇക്കാര്യത്തിൽ വേണം.
കോൺഗ്രസിൻ്റെ തകർച്ചക്ക് പ്രധാന കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത് പാർടിക്കുള്ളിലെ ജനാധിപത്യമില്ലായ്‌മയാണ്. പ്രവർത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് നടത്താതിരിക്കാൻ കാരണമായി കോൺഗ്രസ് മുന്നോട്ടുവെക്കുന്ന കാരണമാണ് വിചിത്രം. നിയമസഭാ, ലോകസഭാ തെരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി നേരിടുന്നതിന് പാർടിയിൽ ഐക്യം ആവശ്യമാണെന്നും സംഘടനാ തെരഞ്ഞെടുപ്പ് നടന്നാൽ ഈ ഐക്യം തകരുമെന്നുമാണ്. ജനാധിപത്യവഴിയേ സഞ്ചരിച്ചാൽ പാർടിയിൽ ഐക്യം നഷ്ടപ്പെടുമെന്നും അതിനാൽ നോമിഷേൻ മതിയെന്നുമാണ് തീരുമാനം. അതിന് പാർടി പ്രസിഡന്റിനെ ചുമതലപ്പെടുത്തിയിരിക്കുയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.