ഇടുക്കി: ഇടുക്കി പാമ്പാടുംപാറയിൽ ജോസിനും കുടുംബത്തിനും വീട് നിർമ്മിച്ച് നൽകി സിപിഎം. രണ്ട് കഴുക്കോലുകളിൽ താങ്ങി നിർത്തിയിരുന്ന കൂരയ്ക്കുള്ളിൽ കഴിഞ്ഞിരുന്ന ജോസിനും കുടുംബത്തിനുമാണ് പുതിയ വീടൊരുങ്ങിയത്. 7 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച ഭവനത്തിൻ്റെ താക്കോൽദാനം ഉടുമ്പൻചോല എംഎൽഎ എം.എം മണി നിർവഹിച്ചു. സിപിഎം സംസ്ഥാനമൊട്ടാകെ 2000 വീടുകളാണ് നിർമ്മിച്ച് നൽകുന്നത്. ഇതിൻ്റെ ഭാഗമായാണ് പാമ്പാടുംപാറയിലും വീട് നിർമ്മിച്ചു നൽകിയത്.
എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിലുള്ള കൂരയിലായിരുന്നു രോഗിയായ ജോസും കുടുംബവും താമസിച്ചിരുന്നത്. ഈ വിവരം അറിയിച്ച് ലോക്കൽ കമ്മറ്റി സെക്രട്ടറി ബിജു പുതുശേരി പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടാൻ ജോസിന് അർഹതയില്ലായിരുന്നു. സ്‌കൂളിൽ പ്യൂണായിരുന്ന ജോസ് പെൻഷൻ കൈപ്പറ്റുന്നതിനാൽ ലൈഫ് മാനദണ്ഡപ്രകാരം വീടിന് അർഹനല്ല. അതിനെ തുടർന്നാണ് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ വീട് നിർമ്മിച്ചു നൽകുവാൻ തീരുമാനം എടുത്തത്. നാട്ടുകാരുടെയും പാർട്ടി പ്രവർത്തകരുടെയും സഹായത്താലാണ് വീട് നിർമ്മിച്ചത്.
അതേസമയം കാസർകോട് ജില്ലയിൽ 66 വീടുകളാണ് സിപിഎം നേതൃത്വത്തിൽ പണികഴിപ്പിക്കുന്നത്. ഇതിൽ 55 വീടുകളുടെ പണി പൂർത്തിയാക്കി അർഹതപ്പെട്ടവർക്ക് കൈമാറുകയും ചെയ്തു. ബാക്കിയുള്ള വീടുകളുടെ നിർമ്മാണം നടന്നുവരികയാണ്. വൈകാതെ തന്നെ താക്കോൽ കൈമാറാനാകുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. ഇതിനൊപ്പം പൂർത്തിയാകാത്ത ലൈഫ് വീടുകൾ പല സ്ഥലത്തും പാർട്ടി പ്രവർത്തകർ തന്നെ ഇടപെട്ട് പൂർത്തിയാക്കുകയും ചെയ്തു. ആറുലക്ഷം മുതൽ 25 ലക്ഷം വരെ ചെലവിട്ടാണ് വീടുകളുടെ പണി പൂർത്തീകരിച്ചിരിക്കുന്നത്. ചിലയിടങ്ങളിൽ സ്വന്തം സ്ഥലം പോലുമില്ലാത്ത നിർധന കുടുംബങ്ങൾക്കാണ് വീട് നിർമിച്ചത്. ഇതോടൊപ്പം പല വീടുകളുടെയും അറ്റകുറ്റപ്പണിയും പാർട്ടി ഏറ്റെടുത്തു നടത്തി. നിർമാണത്തിലുള്ള വീടുകളുടെ പണിയും ശ്രമദാനമായി ഏറ്റെടുത്തു.