കോഴിക്കോട്: കോഴിക്കോട് എൻഐടിയെ കാവിവൽക്കരിക്കാനുള്ള നീക്കങ്ങളുടെ ഭാഗങ്ങളുടെ തുടർച്ചയാണ് ആർഎസ്എസ് നിയന്ത്രണത്തിലുള്ള കേസരി ഭവന് കീഴിലുള്ള മാഗ്കോം ഇൻസ്റ്റിറ്റ്യൂട്ടുമായുള്ള ധാരണാപത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.
കേന്ദ്രമന്ത്രി വി മുരളീധരൻ്റെ സാന്നിധ്യത്തിൽ വെള്ളിയാഴ്‌ച രാവിലെ എൻഐടിയിൽ നടന്ന ചടങ്ങിലാണ് അക്കാദമിക് ധാരണാപത്രം ഒപ്പിട്ടത്. ഇതിന് കളമൊരുക്കാനാണ് വിദ്യാർഥി രാഷ്ട്രീയം വിലക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംഘപരിവാര അനുകൂല വാർത്തയെഴുത്തുകാരെ സൃഷ്ടിക്കാനുള്ള ആർഎസ്എസ് പദ്ധതിയുടെ ഭാഗമാണ് ഈ നീക്കം. കോഴ്‌സുകൾക്ക് സെനറ്റ് അംഗീകാരം ലഭിക്കുന്നതോടെ ഇവിടുത്തെ അധ്യാപകർക്കൊപ്പം മാഗ്‌കോം നിശ്‌ചയിക്കുന്നവരായിരിക്കും ക്ലാസ് നയിക്കുക. ആർഎസ്‌എസുമായും സംഘപരിവാരവുമായും അടുത്ത ബന്ധം പുലർത്തുന്ന എൻഐടി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണയാണ് കാവിവൽക്കരണത്തിൻ്റെ സൂത്രധാരൻ. കഴിഞ്ഞ ദിവസം എബിവിപി പരിപാടിയിൽ അതിഥികളായി എൻഐടി ഡയറക്ടറും വിദ്യർഥി ക്ഷേമവിഭാഗം ഡീനും പങ്കെടുത്തിരുന്നു. ക്യാമ്പസിൽ വിദ്യർഥി രാഷ്ട്രീയം അനുവദിക്കില്ലെന്ന് ശഠിക്കുന്നവർ തന്നെയാണ് എബിവിപി പരിപാടിക്ക് അനുമതി നൽകിയതും പങ്കെടുത്തതും. മതനിരപേക്ഷതക്ക് ഏറെ വേരോട്ടമുള്ള കേരളത്തിലെ ഒരു വിദ്യാഭ്യാസസ്ഥാപനത്തിൽ നടക്കാൻ പാടില്ലാത്തതാണ് നടക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.