തിരുവനന്തപുരം: കശുവണ്ടി വികസന കോർപറേഷനിൽ നിന്നും 2022ൽ വിരമിച്ച 380 പേർക്കും ഗ്രാറ്റുവിറ്റി വിതരണം ചെയ്തതായി മന്ത്രി പി രാജീവ് അറിയിച്ചു. വിരമിക്കുമ്പോൾത്തന്നെ തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി നൽകുമെന്ന എൽ.ഡി.എഫ് സർക്കാരിൻ്റെ പ്രഖ്യാപനം യാഥാർഥ്യക്കിക്കൊണ്ട് 2022ൽ വിരമിച്ച 380 പേർക്കും ഇന്ന് ഗ്രാറ്റുവിറ്റി വിതരണം ചെയ്തതായി മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക് കുറിപ്പ്:
കശുവണ്ടി വികസന കോർപറേഷനിൽ നിന്നൊരു തൊഴിലാളി വിരമിക്കുകയാണെങ്കിൽ ആ തൊഴിലാളിക്ക് ഗ്രാറ്റുവിറ്റി കുടിശ്ശിക ലഭിക്കാൻ വർഷങ്ങൾ കാത്തിരിക്കണമെന്ന ശീലം ഈ സർക്കാർ മാറ്റിയിരിക്കുന്നു. വിരമിക്കുമ്പോൾത്തന്നെ തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി നൽകുമെന്ന എൽ.ഡി.എഫ് സർക്കാരിൻ്റെ പ്രഖ്യാപനം യാഥാർഥ്യക്കിക്കൊണ്ട് 2022ൽ വിരമിച്ച 380 പേർക്കും ഇന്ന് ഗ്രാറ്റുവിറ്റി വിതരണം ചെയ്തു. 5.50 കോടി രൂപ ഇതിനായി ചിലവഴിച്ചു. കാഷ്യൂ കോർപറേഷൻ രൂപം കൊണ്ടതിന് ശേഷം ആദ്യമായാണ് തൊഴിലാളികൾക്കെല്ലാം വിരമിക്കുമ്പോൾത്തന്നെ ഗ്രാറ്റുവിറ്റി നൽകുന്നത്.
ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുമ്പോൾ യു.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് കാഷ്യൂ കോർപ്പറേഷനിൽ നിന്ന് വിരമിച്ച 4500 തൊഴിലാളികൾക്കുള്ള അഞ്ച് വർഷത്തെ ഗ്രാറ്റുവിറ്റി കുടിശ്ശിക നൽകാനുണ്ടായിരുന്നു. ആ കുടിശ്ശിക കൊടുത്തുതീർത്തു. ഈ തൊഴിലാളികൾക്കുൾപ്പെടെ വിരമിച്ച 7500 തൊഴിലാളികൾക്കും ഗ്രാറ്റുവിറ്റി വിതരണം ചെയ്തതോടെ ചരിത്രത്തിലാദ്യമായി ഗ്രാറ്റുവിറ്റി കുടിശ്ശിക എന്നൊരു വാക്ക് കാഷ്യൂ കോർപ്പറേഷൻ്റെ കണക്ക് പുസ്തകത്തിൽ നിന്ന് വെട്ടാൻ നമുക്ക് സാധിച്ചു. ഇന്നിതാ സർവീസിൽ നിന്ന് വിരമിക്കുന്ന തൊഴിലാളികൾക്ക് വിരമിക്കുന്ന അവസരത്തിൽ തന്നെ ഗ്രാറ്റുവിറ്റി ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കാനും നമുക്ക് സാധിച്ചിരിക്കുന്നു. സാമ്പത്തികമായി വലിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഘട്ടത്തിൽ കൂടിയാണ് ചരിത്രത്തിലാദ്യമായി വിരമിക്കുമ്പോൾ തന്നെ കശുവണ്ടി തൊഴിലാളിക്ക് ഗ്രാറ്റുവിറ്റി ലഭിക്കുന്നതിനായി സർക്കാർ പണം നൽകിയിട്ടുള്ളത്.