തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് സമരാഭാസം ബിജെപി സ്പോൺസർഷിപ്പിലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധം ഉയർത്തിയും തടഞ്ഞും കോൺഗ്രസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. ഇന്ധന സെസിൻ്റെ പേരിലാണ് സമരം. ഇത്തരത്തിലുള്ള സമരാഭാസങ്ങൾ എന്തുകൊണ്ട് കേന്ദ്ര ബജറ്റിനെതിരെ കോൺഗ്രസ് നടത്തുന്നില്ലെന്ന് വ്യക്തമാക്കണം.
കേരളത്തോടുള്ള കേന്ദ്രത്തിൻ്റെ ചിറ്റമ്മനയം കണ്ടില്ലെന്ന് നടിക്കുന്ന കോൺഗ്രസിൻ്റെ നയത്തെയാണ് മന്ത്രി മുഹമ്മദ് റിയാസും ചോദ്യം ചെയ്യുന്നത്. കേരളജനതയെ ഒന്നാകെ വെല്ലുവിളിച്ച് കൊണ്ടുള്ള കേന്ദ്ര സർക്കാരിൻ്റെ അവഗണന കേന്ദ്ര ബഡ്ജറ്റിൽ പകൽപോലെ വ്യക്തമായിട്ടും കേരളത്തിലെ യുഡിഎഫ് നേതൃത്വം അതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ്. കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരും കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ അവഗണനയ്ക്കെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല.
അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായി കോൺഗ്രസ് കേരളസർക്കാരിനെതിരെ നടത്തുന്ന സമരാഭാസങ്ങൾ കേന്ദ്രസർക്കാരിൻ്റെ നയങ്ങളും കേരളത്തിനെതിരെയുള്ള നിലപാടുകളും ജനശ്രദ്ധയിൽനിന്ന് മറച്ചുവയ്ക്കാനാണ്. കേന്ദ്ര സർക്കാരും ബിജെപിയും കേരളത്തിലെ യുഡിഎഫ് സമരത്തിൻ്റെ മറവിലിരുന്ന് ചിരിക്കുന്നത് സമൂഹം കാണുന്നുണ്ട്.
കേന്ദ്ര സർക്കാരും ബിജെപിയുമാണ് യഥാർഥത്തിൽ കോൺഗ്രസ് സമരത്തിൻ്റെ ഗുണഭോക്താക്കൾ. ബിജെപിയെ സഹായിക്കുന്ന ചാവേറുകളായി കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരെ മാറ്റിയതിൻ്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കോൺഗ്രസ് നേതൃത്വത്തിന് സാധിക്കില്ല. കേന്ദ്ര സർക്കാരിൻ്റെ വഴിവിട്ട ആനുകൂല്യങ്ങളും സഹായങ്ങളും ലഭിക്കുന്ന സാമ്പത്തിക ശക്തികളാണോ കേരളത്തിലെ യുഡിഎഫ് സമരത്തിൻ്റെ സ്പോൺസർമാരെന്ന് ന്യായമായും സംശയിക്കേണ്ടതുണ്ടെന്ന് മന്ത്രി റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.