തിരുവനന്തപുരം: രണ്ടു രൂപ ഇന്ധന സെസിൻ്റെ പേരിൽ പ്രതിപക്ഷം അക്രമ സമരവുമായി തെരുവുകളിൽ അഴിഞ്ഞാടുമ്പോൾ ജനക്ഷേമ നടപടികളിലൂടെ മുന്നോട്ട് പോവുകയാണ് 2-ാം പിണറായി സർക്കാർ. ഇപ്പോൾ, ഈ പ്രതിഷേധ സ്വരങ്ങളെയും മറികടന്ന് പുഞ്ചിരിക്കുന്ന സാധാരണക്കാരുടെ മുഖമാണ് നാടെങ്ങും നിറയുന്നത്.
ഇന്ന് മുതലാണ് സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ വിതരണം ആരംഭിച്ചത്. ഒരു മാസത്തെ പെൻഷൻ വിതരണത്തിന് ധനവകുപ്പ് 900 കോടി രൂപയാണ് അനുവദിച്ചത്. നേരിട്ട് പെൻഷൻ ലഭിക്കുന്നവർക്ക് ബന്ധപ്പെട്ട സഹകരണ സംഘം ജീവനക്കാർ തുക വീട്ടിലെത്തിച്ചു തുടങ്ങി. ബാങ്ക് അക്കൗണ്ടുവഴി പെൻഷൻ ലഭിക്കുന്നവർക്ക് അടുത്ത ദിവസങ്ങളിൽ തുക അക്കൗണ്ടിലെത്തും.
1600 രൂപയാണ് പ്രതിമാസം പെൻഷനായി സംസ്ഥാന സർക്കാർ നൽകുന്നത്. 62 ലക്ഷം പേർക്ക് ക്ഷേമപെൻഷനിലൂടെ സംസ്ഥാന സർക്കാരിൻ്റെ സഹായഹസ്ത മെത്തുന്നു. ഡിസംബർ, ജനുവരി മാസത്തിലെ പെൻഷൻ കുടിശ്ശികയാണ് നൽകുന്നത്. രണ്ട് മാസത്തേക്കായി 2000 കോടി വായ്പയാണ് ധനവകുപ്പ് ആവശ്യപ്പെട്ടത്. 900 കോടി രൂപ സമാഹരിച്ച് വിതരണം തുടങ്ങുകയായിരുന്നു.