തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിൻ്റെ വികസന ചക്രവാളത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ക്കുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച 33കെവി/11 കെവി സബ്സ്റ്റേഷൻ്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിക്ക് ഭൂമി വിട്ടു നല്‍കിയവര്‍ക്ക് ആവശ്യമായ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി തൊഴില്‍ നഷ്ടപ്പെടുമെന്ന് ജില്ലാകലക്ടര്‍ അദ്ധ്യക്ഷനായ സമിതി കണ്ടെത്തിയിട്ടുള്ള മത്സ്യ തൊഴിലാളികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാര പാക്കേജ് നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശനമായ നിഷ്കര്‍ഷ പുലര്‍ത്തിയിട്ടുണ്ട്. 20 കോടി രൂപയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത സ്ഥാനത്ത് 100 കോടി രൂപയുടെ മത്സ്യ തൊഴിലാളി പുനരധിവാസ പാക്കേജാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയത്. അര്‍ഹരായ ആരെങ്കിലും ഇതില്‍നിന്നു വിട്ടുപോയിട്ടുണ്ടെങ്കില്‍ അവരെയും ഇതിൻ്റെ പരിധിയില്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
2023 ല്‍ ഓണത്തോടനുബന്ധിച്ച് ആദ്യ കപ്പല്‍ തുറമുഖത്ത് എത്തിക്കണമെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരും നാട്ടുകാരും കരാര്‍ കമ്പനിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കൈമെയ് മറന്ന് പരിശ്രമിക്കുന്നുണ്ട്.
റെയില്‍വെ കണക്ടിവിറ്റിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും അതിവേഗം പുരോഗമിക്കുകയാണ്. പദ്ധതിക്ക് ആവശ്യമുള്ള നൈപുണ്യമുള്ള തൊഴിലാളികളെ വാര്‍ത്തെടുക്കാന്‍ 50 കോടി രൂപ ചെലവഴിച്ച് അസാപ്പിന്റെ കെട്ടിടം നിർമ്മിച്ചു. തുറമുഖത്തിന് മാത്രമായി ഒരു ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ സ്ഥപിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. 590 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള നമ്മുടെ കടല്‍ തീരം അടിസ്ഥാനമാക്കി പുതിയ ചെറുകിട തുറമുഖങ്ങളും അനുബന്ധ വ്യവസായങ്ങളും വികസിപ്പിക്കാനും സര്‍ക്കാറിന് ഉദ്ദേശമുണ്ട്.
കെ.എസ്.ഇ.ബി കാട്ടാക്കടയില്‍നിന്നാണു വിഴിഞ്ഞം തുറമുഖത്തേക്കു വൈദ്യുതി എത്തിക്കുന്നത്. ഇതിനായി ബാലരാമപുരം വഴി 220 കെവി ലൈനിലൂടെ മുക്കോലയില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള മെയിന്‍ ഗ്യാസ് ഇന്‍സുലേറ്റഡ് റിസീവിങ് സബ് സ്റ്റേഷന്റെ നിര്‍മാണം നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു. ഇവിടെനിന്ന് 33 കെവിയിലേക്കു വൈദ്യുതി സ്റ്റെപ്ഡൗണ്‍ ചെയ്തു സ്വിച്ച് ഗിയര്‍ മുഖേന ഭൂമിക്കടിയിലൂടെ നാലു മീറ്റര്‍ കേബിള്‍ വഴി തുറമുഖത്തെ 33 കെവി സബ്സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. ഇത് വീണ്ടും 11 കെവിയിലേക്കു സ്റ്റെപ് ഡൗണ്‍ ചെയ്തു സ്വിച്ച് ഗിയര്‍ മുഖേന തുറമുഖത്തെ സ്വിച്ചിങ് സ്റ്റേഷനിലേക്കു വൈദ്യുതി എത്തിക്കും. സബ് സ്റ്റേഷന്റെ സ്വിച്ച് ഓണ്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന് കുട്ടി നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായി. എം. വിന്‍സന്റ് എം.എല്‍.എ, തുറമുഖ വകുപ്പ് സെക്രട്ടറി കെ. ബിജു, വാര്‍ഡ് കൗണ്‍സിലര്‍ ഓമനയമ്മ, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ. അദീല അബ്ദുള്ള, അദാനി പോര്‍ട്ട് സി.ഇ.ഒ രാജേഷ് കുമാര്‍ ഝാ, സുശീല്‍ നായര്‍, വിസില്‍ സി.ഇ.ഒ ഡോ.ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു