തൃശൂർ: കേരള പോലീസ് സേനയിലേക്ക് ആദ്യ റിപ്പോർട്ടമാർമാരുടെ ബാച്ച് പുറത്തിറങ്ങി. ബാച്ചിലെ എട്ടിൽ ആറു പേരും വനിതകളാണ്. ആദ്യമായാണ് വനിതകളെ ഈ പരിശീലനത്തിന് തെരഞ്ഞെടുത്തത്. റിപ്പോർട്ടേഴ്സ് (ഗ്രേഡ് 2– മലയാളം) തസ്തികയിൽ ജില്ലകളിലെ സ്പെഷ്യൽ ബ്രാഞ്ച് സിഐഡി ഡിറ്റാച്ച്മെന്റുകളിലേക്കാണ് നിയമനം.
രാമവർമപുരം പോലീസ് അക്കാദമി പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ഓത്ത് ടേക്കിങ് സെറിമണിയിൽ കേരള പോലീസ് അക്കാദമി ഡയറക്ടർ ഗോപേഷ് അഗർവാൾ മുഖ്യാതിഥിയായി. അത്യാധുനിക ആയുധങ്ങളായ എ കെ 47, ഇൻസാസ്, എസ്എൽആർ, എൽഎംജി, ഗ്ലോക്ക് പിസ്റ്റൾ, കർട്ടിൻ, സ്റ്റൺ ഗൺ എന്നിവയിലുൾപ്പെടെ വിദഗ്ധ പരിശീലനത്തിനു ശേഷമാണ് ഇവർ കർമ്മരംഗത്തിറങ്ങുന്നത്.
കോസ്റ്റൽ സെക്യൂരിറ്റി പ്രായോഗിക പരിശീലനം കോസ്റ്റ് ഗാർഡ് ആസ്ഥാനത്തും, കൊച്ചി നേവൽ ബേസിലും, ഫോറൻസിക് മെഡിസിൻ പ്രായോഗിക പരിശീലനം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ലഭ്യമാക്കി. മലപ്പുറം സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ഭീകര വിരുദ്ധ പരിശീലനവും, ഹൈ ആൾട്ടിട്യൂഡ് പരിശീലനവും നൽകി. പരിശീലനം പൂർത്തിയാക്കിയവരിൽ അടിസ്ഥാന യോഗ്യതയായ പ്ലസ്ടുവും ഷോർട്ട് ഹാൻഡും ഉള്ള ഒരാളും ഡിപ്ലോമ ഉള്ള 4 പേരും ബിരുദമുള്ള 2 പേരും ബിരുദാനന്തര ബിരുദ യോഗ്യതയുള്ള ഒരാളുമാണുള്ളത്.