തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ കുണ്ടമൺകടവിലെ ആശ്രമത്തിന് തീയിട്ടത് ആർഎസ്എസ് സംഘമെന്ന് ക്രൈംബ്രാഞ്ച്. ആശ്രമം ആക്രമിച്ചവരുടെ സംഘത്തിൽ മരിച്ച പ്രകാശും ഉൾപ്പെട്ടിട്ടുണ്ടെന്നും പ്രകാശ് ഉൾപ്പെട്ട സിസിടിവി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. പ്രകാശിനൊപ്പം ബൈക്കിൽ മറ്റൊരാളും ഉണ്ടായിരുന്നെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
അതേസമയം അക്രമിസംഘം എത്തുന്നതിൻ്റെ ദൃശ്യങ്ങൾ രണ്ടിടങ്ങളിൽ നിന്നായി ഉദ്യോഗസ്ഥർ ശേഖരിച്ചു. ആശ്രമത്തിൻ്റെ മുന്നിൽ വയ്ക്കാൻ റീത്ത് എത്തിച്ചത് താനാണെന്ന് പ്രതി മൊഴി നൽകിയെന്നാണ് റിപ്പോർട്ടുകൾ. റീത്ത് എത്തിച്ചത് കൊച്ചുകുമാർ എന്ന കൃഷ്ണകുമാർ ആണെന്നും ക്രൈംബ്രാഞ്ചിനോട് കൃഷ്ണകുമാർ കുറ്റം സമ്മതിച്ചെന്നും സൂചനയുണ്ട്. കുണ്ടമൺ സ്വദേശികളായ രാജേഷ്, വലിയ കുമാർ എന്ന ശ്രീകുമാർ, കൊച്ചുകുമാർ എന്ന കൃഷ്ണകുമാർ,സതികുമാർ, എന്നിവരാണ് ഇപ്പോൾ ക്രൈംബ്രാഞ്ചിൻ്റെ കസ്റ്റഡിയിൽ ഉള്ളത്. ഇതിൽ കൃഷ്ണകുമാർ ഒഴികെ മറ്റു മൂന്ന് പേർക്കും ആശ്രമം തീയിട്ട കേസിൽ നേരിട്ട് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.
2018 നവംബറിലായിരുന്നു കുണ്ടമൺകടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് അക്രമികൾ തീയിട്ടത്. കാർപോർച്ചുൾപ്പെടെ ആശ്രമത്തിൻ്റെ മുൻവശവും അവിടെയുണ്ടായിരുന്ന നാല് വാഹനങ്ങളുമാണ് ആക്രമത്തിൽ കത്തിയമർന്നത്. 50 കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്ക്.