തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാൻ കോൺഗ്രസിൻ്റെ പുലിക്കുട്ടികളെയാണ് ഇറക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അത് ആത്മഹത്യാ സ്ക്വാഡുകൾ അല്ല. ഞങ്ങളുടെ അനുവാദത്തോടെയാണ് കരിങ്കൊടി സമരമെന്നും സതീശൻ പറഞ്ഞു.
മുഖ്യമ്രന്ത്രി കടന്നുപോകുന്ന വഴികളിൽ ഒളിച്ചിരുന്ന് വാഹന വ്യൂഹത്തിനു മുന്നിലേക്ക് ചാടി വീഴലാണ് ഏതാനും ദിവസമായി കോൺഗ്രസ് സംഘടിപ്പിക്കുന്ന സമര പരിപാടി. നാലോ അഞ്ചോ പേരാണ് വഴികളിൽ പാത്തിരിക്കുന്നതും ഓർക്കാപ്പുറത്ത് ചാടി വീഴുന്നതും. നല്ല വേഗതയിൽ വരുന്ന വാഹനങ്ങൾ ഇടിക്കാതെ തലനാരിഴക്കാണ് ഇക്കൂട്ടർ രക്ഷപ്പെടുന്നത്. പ്രവർത്തകരെ വാഹനമിടിച്ചാൽ അതിൻ്റെ പേരിൽ കലാപത്തിനിറങ്ങാമെന്ന കണക്കുകൂട്ടലിലാണ് നേതാക്കൾ. സർക്കാരിനെതിരെ കെപിസിസി പ്രഖ്യാപിച്ച തുടർ സമരത്തിൽ ദിവസം ചെല്ലുന്തോറും ആളു കുറഞ്ഞു വന്നതോടെയാണ് ഇനി കരിങ്കൊടി മതി എന്ന് തീരുമാനിക്കാൻ കോൺഗ്രസ് നേതൃത്വം നിർബന്ധിതരായത്. സമരത്തിന് ആളെ കിട്ടാതായെന്നും ആറര വർഷമായി അധികാരമില്ലാതെ പുറത്തു നിൽക്കുന്ന കോൺഗ്രസ് സമര സെസ് പിരിക്കേണ്ട ദയനീയ സ്ഥിതിയിലാണെന്നും യു ഡി എഫ് ജിഹ്വ മനോരമക്കു പോലും എഴുതേണ്ടി വന്നു. കരിങ്കൊടിയുമായി ചാടി വീഴുന്ന കോൺഗ്രസുകാരിൽ ആരെങ്കിലും അപകടത്തിൽ പെടുമെന്ന പ്രതീക്ഷയിൽ ഇരിക്കുകയാണ് കോൺഗ്രസ് നേതാക്കളും മാധ്യമങ്ങളും. വാഹന വ്യൂഹത്തിന് മുന്നിൽ ചാടുന്ന സമരക്കാർ ചാവേറുകളാണെന്ന വിമർശനത്തോട് പ്രതികരിച്ച വി ഡി സതീശൻ കോൺഗ്രസ് നേതൃത്വത്തിൻ്റെ അറിവോടെയാണ് ഈ സമര മുറയെന്ന് വ്യക്തമാക്കുകയും ചെയ്തു.
സമരം എങ്ങിനെയെങ്കിലും കലാപത്തിലേക്ക് എത്തിക്കാനുള്ള ഗൂഢാലോചനയുടെ പശ്ചാത്തലത്തിൽ പോലീസ് ആവശ്യമായ മുൻ കരുതൽ സ്വീകരിക്കുന്നുണ്ട്. അത് മാധ്യമങ്ങൾക്കും കോൺഗ്രസിനും ഒട്ടും രസിച്ചിട്ടില്ല. വഴിയിൽ പതുങ്ങിയിരിക്കുന്ന കോൺഗ്രസുകാരെ പോലീസ് പൊക്കുമ്പോൾ മാധ്യമങ്ങൾ കരുതൽ തടങ്കൽ എന്ന മുറവിളിയാണ് മുഴക്കുന്നത്. കസ്റ്റഡിയിലെടുക്കുന്നവരെ അധികം വൈകാതെ വിടുന്നുണ്ട്. അപ്പോഴാണ് കരുതൽ തടങ്കൽ നിയമത്തിൻ്റെ തലനാരിഴ കീറിയുള്ള മാധ്യമ വ്യാഖ്യാനങ്ങൾ.
മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിൽ കറുപ്പിന് വിലക്കേർപ്പെടുത്തിയെന്ന കൊടുമ്പിരി കൊണ്ട പ്രചാരണമായിരുന്നു ഏതാനും ദിവസമായി മാധ്യമങ്ങളിൽ. കോൺഗ്രസ്- ബിജെപി നേതാക്കൾ ഇതേറ്റുപാടി, പലയിടത്തും ചടങ്ങുകളിൽ പങ്കെടുത്ത വരുടെ കൂട്ടത്തിൽ കറുപ്പ് വസ്ത്രം ധരിച്ചവരും ഉണ്ടായിരുന്നു. പർദ്ദയണിഞ്ഞവർ ഉൾപ്പെടെ. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കറുപ്പിന് വിലക്കുമായി അലമുറയിട്ട മാധ്യമങ്ങളും കോൺഗ്രസ് – ബി ജെ പി സംഘവും പരിഹാസ്യരായി. ഇപ്പോഴത്തെ മുറവിളി നാട്ടുകാർ ബുദ്ധിമുട്ടുന്നേ എന്നാണ്. പോലീസ് ജനങ്ങളെ ഭയത്തിലേക്കും ബുദ്ധിമുട്ടുകളിലേക്കും തള്ളിവിടുന്നു എന്ന് മനോരമ – മാതൃഭൂമി തുടങ്ങിയ മാധ്യമങ്ങൾ രോഷം കൊള്ളുന്നു. ഇതിൻ്റെ വാർത്താ പരമ്പരകളാണിപ്പോൾ.
മുഖ്യമന്ത്രി അടക്കമുള്ള വരുടെ സുരക്ഷാ ക്രമീകരണങ്ങൾ, വാഹന വ്യൂഹത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം, യാത്രാ വേളയിൽ ഉറപ്പു വരുത്തേണ്ട ക്രമീകരണങ്ങൾ, പ്രതിഷേധമോ, അക്രമങ്ങളോ, അക്രമസാധ്യതകളോ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ എന്ത് ചെയ്യണം, എങ്ങിനെ സുരക്ഷയൊരുക്കണം എന്നതിനൊക്കെ പ്രോട്ടോക്കോൾ പ്രകാരമുള്ള വ്യവസ്ഥകൾ ഉണ്ട്. അത് രാജ്യത്തിനാകെ ബാധകവുമാണ്.
മുഖ്യമന്ത്രിക്ക് ‘അനാവശ്യ’ സുരക്ഷ, ജനങ്ങൾ ബുദ്ധിമുട്ടിലാകുന്നു എന്നാണിപ്പോഴത്തെ കുത്തിത്തിരിപ്പ്, കോൺഗ്രസ് നടത്തുന്ന പരിഹാസ്യ സമരമാണ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നത്. ഈ സമരത്തെ ന്യായീകരിച്ചാണ് അവരെ തങ്ങൾ പറഞ്ഞു വിടുന്നതാണെന്ന വി ഡി സതീശൻ്റെ പ്രതികരണം.