കോഴിക്കോട്: മുസ്ലിം ലീഗ് ഭാരവാഗിത്വത്തിൽ ഇത്തവണയും വനിതകൾക്ക് സ്ഥാനമില്ല. പാർട്ടി അംഗത്വത്തിൽ ഭൂരിപക്ഷം വനിതകളായെങ്കിലും മുൻ നിലപാടിൽ മാറ്റം വരുത്തേണ്ടെന്നാണ് തീരുമാനം. വനിതകൾക്ക് പ്രവർത്തിക്കാൻ വനിതാ ലീഗുണ്ടെന്ന് സംസ്ഥാന സെക്രട്ടറി പി എം എ സലാം പ്രതികരിച്ചു.
അടുത്ത മാസം നാലിന് മുസ്ലീം ലീഗിൻ്റെ പുതിയ സംസ്ഥാന കമ്മറ്റി നിലവിൽ വരും. 19 അംഗ സംസ്ഥാന ഭാരവാഹിപ്പട്ടികയിലേക്ക് വനിതകളെ പരിഗണിക്കേണ്ടെന്നാണ് തീരുമാനം. ലീഗിൽ 2.50 ലക്ഷം അംഗങ്ങൾ പുതിയതായി വന്നെന്നാണ് കണക്ക്. ആകെ അംഗങ്ങളിൽ 51 ശതമാനം വനിതകളാണ്. 21 അംഗ സംസ്ഥാന സെക്രട്ടറിയേറ്റും75 അംഗ സംസ്ഥാന പ്രവർത്തക സമിതിയും 500അംഗം സംസ്ഥാന കൗൺസിലുമാണ് പുതിയതായി നിലവിൽ വരിക.