തിരുവനന്തപുരം: ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവർക്കും കിടപ്പു രോഗികൾക്കും ദൈനംദിന കാര്യങ്ങൾക്ക് പരസഹായം വേണ്ടവർക്കുമുള്ള ആശ്വാസകിരണം പദ്ധതി മുടങ്ങിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. വസ്തുതകൾ അന്വേഷിക്കാതെ ഇത്തരം പ്രചാരണങ്ങൾക്ക് കൂട്ടുനിൽക്കുന്നത് ദൗർഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.
ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവർ, നൂറു ശതമാനം അന്ധത ബാധിച്ചവർ, ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പാൾസി എന്നിവ ബാധിച്ചവർ, പ്രായാധിക്യംകൊണ്ടും അർബുദം മുതലായ രോഗങ്ങളാലും കിടപ്പിലായവർ എന്നിങ്ങനെ പരസഹായം വേണ്ടവർക്കും അവരുടെ സഹായികൾക്കും പ്രതിമാസം അറുന്നൂറ് രൂപയാണ് ആശ്വാസകിരണം പദ്ധതിയിൽ നൽകുന്നത്.
ശയ്യാവലംബർ, ബുദ്ധിമാന്ദ്യവും ഓട്ടിസവും സെറിബ്രൽ പാൾസിയും ബാധിച്ചവർ, മാനസിക വൈകല്യമുള്ളവർ, മാനസികരോഗികൾ എന്നിവർക്ക് പുറമെ, നൂറു ശതമാനം അന്ധത ബാധിച്ചവരും രോഗം വന് കിടപ്പിലായവരും ദൈനംദിന കാര്യങ്ങൾക്ക് പരസഹായം വേണ്ടവരുമായ മുഴുവൻ പേരും അവരുടെ പരിചാരകരും എന്നിവർകൂടി – ഉൾപ്പെടുന്ന വിധം പദ്ധതി വിപുല പ്പെടുത്തിയിട്ടുണ്ട്. സർക്കാരിൻ്റെ സാമ്പത്തികമായ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടും പദ്ധതിക്കാവശ്യമായ തുക വിതരണം ചെയ്യുന്നുണ്ട്.
2021-22 ൽ 40 കോടി രൂപയാണ് വിതരണം ചെയ്തത്. 2022-23 സാമ്പത്തികവർഷം 42.50 കോടി രൂപ ബജറ്റിൽ വകയിരുത്തി. ആദ്യഗഡുവായി കിട്ടിയ പത്തുകോടി രൂപ ഉപയോഗിച്ച് ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ) അഞ്ചു മാസത്തേയും ബാക്കി ഏഴു ജില്ലകളിൽ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്, കാസറഗോഡ്) നാലുമാസത്തെയും ധനസഹായവിതരണം പൂർത്തിയാക്കി. പദ്ധതിയുടെ ആനുകൂല്യം യഥാർത്ഥ ഗുണഭോക്താക്കളിൽത്തന്നെ എത്തുന്നത് ഉറപ്പാക്കാൻ ഗുണഭോക്താക്കളുടെ ലൈഫ് സർട്ടിഫിക്കറ്റ്, ബാങ്ക്-ആധാര വിവരങ്ങൾ എന്നിവ ലിങ്ക് ചെയ്യാൻ നടപടിയെടുത്തിരുന്നു. അത് പൂർത്തിയാക്കിയ 34,965 ഗുണഭോക്താക്കൾക്കും ബാങ്ക് അക്കൗണ്ട് വഴിയാണ് തുക നൽകിയിട്ടുള്ളത്. 9,86,20,800 രൂപ ഇങ്ങനെ വിതരണംചെയ്തു. വകയിരുത്തിയ വിഹിതത്തിൽ ബാക്കി തുകയായ 32.50 കോടി രൂപ ലഭ്യമാകുന്ന മുറയ്ക്ക് വിതരണം ചെയ്യും. നിലവിൽ സഹായത്തിന് അർഹത നേടിയവരിൽ പെൻഷൻ നൽകുന്നതിന് ബാക്കിയുള്ള ഗുണഭോക്താക്കളുടെ ലൈഫ് സർട്ടിഫിക്കറ്റും ആധാറും സാമൂഹ്യനീതിവകുപ്പിൽ ലഭിക്കുന്ന മുറയ്ക്ക് അവ പട്ടികയിൽ ഉൾപ്പെടുത്തിവരുന.
പദ്ധതിയിൽ സഹായം ലഭിക്കാവുന്നരുടെ എണ്ണം വർഷംതോറും വർധിച്ചു വരികയാണ്. അധിക ധനവിനിയോഗം സാധ്യമാവുന്നതനുസരിച്ച് ആനുകൂല്യത്തിനുള്ള പുതിയ അപേക്ഷകളിൽ തീർപ്പുകല്പിച്ച് അവർക്കുകൂടി ധനസഹായം അനുവദിക്കുന്ന കാര്യം പരിഗണിക്കും – മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.