കോൺഗ്രസ് നാശത്തിലേയ്ക്ക് എന്ന് പറയാതെ പറഞ്ഞുകൊണ്ടായിരുന്നു മുതിർന്ന നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണി പടിയിറങ്ങിയത്. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവർക്ക് ഇരട്ടത്താപ്പാണെന്ന് കുറ്റപ്പെടുത്തിയാണ് അനിൽ തൻ്റെ രാജി അറിയിച്ചത്. എന്നാൽ ഇപ്പോൾ, കോൺഗ്രസ് വിട്ടത് ബിജെപി പാളയത്തിലേയ്ക്ക് കടക്കാനുള്ള അടിയുറച്ച തീരുമാനമാണെന്ന് വെളിപ്പെടുകയാണ്. ബിജെപിക്ക് സ്തുതി പാടുകയാണ് അനിൽ ഇപ്പോൾ.
ഇത്തവണ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനെ പുകഴ്ത്തിയാണ് അനിൽ ആന്റണി ഉള്ളിലെ ബിജെപി പ്രേമം പുറത്തു വിട്ടത്. ഉള്ളത് ഉള്ളത് പോലെ പറയുന്ന വ്യക്തിയാണ് ജയ്ശങ്കറെന്നും അന്താരാഷ്ട്ര വേദികളിൽ, രാജ്യത്തിൻ്റെ താൽപര്യം എപ്പോഴും ഉയർത്തിക്കാട്ടാൻ ജയ്ശങ്കറിന് കഴിയുന്നുണ്ടെന്നും അനിൽ ട്വിറ്ററിൽ കുറിച്ചു. വിദേശകാര്യമന്ത്രി സിഡ്‌നിയിൽ നടത്തിയ പ്രഭാഷണത്തിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് അനിൽ ആന്റണിയുടെ ട്വീറ്റ്.
നേരത്തെ ബിബിസി ഡോക്യുമെന്ററി വിഷയത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും മുതിർന്ന നേതാക്കളുടെയും നിലപാടിനെ അനിൽ ആന്റണി തള്ളിപ്പറഞ്ഞിരുന്നു. ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വെളിവാക്കുന്ന ‘ഇന്ത്യ- ദി മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിക്കും ബി ബി സിക്കും എതിരായിട്ടാണ് അന്ന് അനിൽ ആന്റണി പ്രതികരിച്ചത് പിന്നാലെ അനിൽ ആന്റണി തൻ്റെ രാജി പ്രഖ്യാപനം ട്വിറ്ററിലൂടെ നടത്തുകയും ചെയ്തു.