പത്തനംതിട്ട: പത്തനംതിട്ട ഡിസിസി യോഗത്തിൽ മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയെ വധിക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയതായി പരാതി. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും പന്തളം ബ്ലോക്ക് പഞ്ചായത്തംഗവുമായ ലാലി ജോണാണ് പരാതി നൽകിയത്. ജില്ലാ പോലീസ് മേധാവിക്ക് രേഖാമൂലം നൽകിയ പരാതിയിൽ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. വി ആർ സോജി മെഴുവേലി സ്ത്രീത്വത്തെ അപമാനിച്ചതായും പറയുന്നു. ഡിസിസി ജനറൽ സെക്രട്ടറിയിൽ നിന്നുണ്ടാകുന്ന മാനഹാനിയിൽ നിന്നും ശാരീരിക ഉപദ്രവത്തിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ടാണ് മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുന്നത്.
പല തവണ ഇയാളിൽ നിന്ന് മാനഹാനി ഉണ്ടായതായും ഒരു തവണ തന്നെ ഷേവ് ചെയ്ത് ചുരുട്ടി കൂട്ടി പെട്ടിയിലാക്കി പായ്ക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. സ്വന്തം പാർട്ടിക്കാരൻ ആയതു കൊണ്ടും സ്ത്രീയെന്ന നിലയിൽ ഈ കാര്യങ്ങൾ പുറത്തു പറയാനുള്ള ബുദ്ധിമുട്ടു കാരണവുമാണ് അധികാര സ്ഥാനങ്ങളിൽ പരാതിപ്പെടാതിരുന്നത്. 15ന് ഡിസിസി ഓഫീസിൽ നടന്ന യോഗത്തിൽ ഈ വിവരങ്ങൾ പറഞ്ഞപ്പോൾ അഡ്വ. വി ആർ സോജി നിന്നെ കാണിച്ചു തരാമെന്ന് പറഞ്ഞ് സഭ്യമല്ലാത്ത ഭാഷയിൽ ആക്രോശിക്കുകയും അക്രമിക്കാൻ പാഞ്ഞടുക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം പി ജെ കുര്യൻ, കെപിസിസി ജനറൽ സെക്രട്ടറി എം എം നസീർ, ജില്ലാ പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന കമ്മറ്റിയിലാണ് സംഭവമെന്നും പരാതിയിൽ പറഞ്ഞു. യോഗത്തിൽ പങ്കെടുത്ത പ്രമുഖ നേതാക്കളടക്കം എല്ലാ ഡിസിസി അംഗങ്ങളും കേസിലെ സാക്ഷികളാകും.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികളുടെ കൈയിൽ നിന്ന് പണം വാങ്ങിയതിനെ ചൊല്ലി വിവാദം കത്തി നിൽക്കുമ്പോഴാണ് വധഭീഷണിയും സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയും. കെപിസിസി പ്രസിഡണ്ടായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ്റെ നിർദ്ദേശമനുസരിച്ചാണെന്ന് താൻ പണം വാങ്ങിയതെന്നും വീക്ഷണത്തിൻ്റെ പേരിലായിരുന്നു പിരിവെന്നും മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജ് വെളിപ്പെടുത്തിയിരുന്നു.