പത്തനംതിട്ട: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികളുടെ കയ്യിൽ നിന്ന് പണം വാങ്ങിയത് അന്ന് കെപിസിസി പ്രസിഡണ്ടായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ്റെ നിർദ്ദേശമനുസരിച്ചാണെന്ന് പത്തനംതിട്ട മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജ്. വീക്ഷണം ഫണ്ടിലേക്കെന്നു പറഞ്ഞാണ് പണം വാങ്ങിയതെന്ന് ബാബു ജോർജ്ജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്ഥാനാർഥികളിൽ നിന്ന്സമാഹരിച്ച 10 ലക്ഷം രൂപ മുല്ലപ്പള്ളി രാമചന്ദ്രന് കൈമാറിയതായും ബാബു ജോർജ് വെളിപ്പെടുത്തി. സ്ഥാനാർഥികളിൽ നിന്ന് ബാബു ജോർജ് പണം വാങ്ങിയെന്ന് മുൻ എം.പി പി ജെ കുര്യൻ ആരോപണം ഉന്നയിച്ചിരുന്നു.
താൻ പണം വാങ്ങിയെന്ന് ആരോപിക്കുന്നപി.ജെ കുര്യൻ്റെ കൈകൾ ശുദ്ധമാണോ എന്ന് ബാബുജോർജ് ചോദിച്ചു. പി ജെ കുര്യൻ ട്രസ്റ്റിൻ്റെ വരുമാനം അദ്ദേഹത്തിൻ്റെ ശമ്പളം മാത്രമാണോ?. അഴിമതിക്കാരുടെ കയ്യിൽ നിന്ന് ട്രസ്റ്റ് പണം വാങ്ങുന്നതും അഴിമതിയാണ്. തെണ്ടി നടക്കേണ്ട അവസ്ഥ ബാബു ജോർജിന് ഇല്ല. ഒരൊറ്റ ഡിസിസി അദ്ധ്യക്ഷന്മാരെ സമാധാനത്തോടെ പ്രവർത്തിക്കാൻ പി ജെ കുര്യൻ അനുവദിച്ചിട്ടില്ല. ഫിലിപ്പോസ് തോമസിനെ പാർടിയിൽ നിന്ന് ഓടിച്ചത് പി ജെ കുര്യനാണെന്നും ബാബു ജോർജ് ആരോപിച്ചു.
പത്തനംതിട്ട ഡിസിസി ഓഫീസിൽ അക്രമം നടത്തിയതിന് ബാബു ജോർജ്ജിനെ കെപി സി സി സസ്പെൻഡ് ചെയ്തിരുന്നു. ഡി സി സി പ്രസിഡണ്ടിൻ്റെ മുറിയുടെ വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിച്ചെന്നും മോശം പെരുമാറ്റം ഉണ്ടായെന്നും പറഞ്ഞായിരുന്നു നടപടി. നോട്ടീസ് പോലും തരാതെയാണ് തന്നെ സസ്പെന്റ് ചെയ്തതെന്ന് ബാബു ജോർജ് കുറ്റപ്പെടുത്തി. ഗ്രൂപ്പ് യോഗം ചേർന്ന ശേഷമായിരുന്നു കെ.പി.സി.സി ജനറൽ .സെക്രട്ടറി പഴകുളം മധു ഡിസിസി യോഗത്തിൽ പങ്കെടുത്തതെന്നും ബാബു ജോർജ് പറഞ്ഞു.