തിരുവനന്തപുരം: സ്വരാജ് ട്രോഫി പുരസ്കാരം തലസ്ഥാന നഗരസഭയ്ക്ക് ലഭിച്ച സന്തോഷം പങ്കുവെച്ച് മേയർ ആര്യ രാജേന്ദ്രൻ. സംസ്ഥാന സർക്കാർ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ മികച്ച പ്രകടനത്തിന് ഏർപ്പെടുത്തിയ സ്വരാജ് ട്രോഫി പുരസ്കാരം ആദ്യമായാണ് തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിയ്ക്കുന്നത്. വികസന,ക്ഷേമ പ്രവർത്തനങ്ങളുടെ മികവ് മുൻ നിർത്തിയാണ് സ്വരാജ് ട്രോഫി പുരസ്കാരം ലഭിച്ചതെന്ന് മേയർ ഫേസ്ബുക്കിൽ കുറിച്ചു.
ഈ പുരസ്കാരം നഗരവാസികളായ ജനങ്ങൾക്ക് സമർപ്പിക്കുകയാണ്. തുടർന്നുള്ള വികസന,ജനക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ നടപ്പിലാക്കാൻ ഇത് പ്രചോദനമാകും. ഈ അംഗീകാരം നേടിയെടുക്കുന്നതിൽ ഒപ്പം നിന്ന പ്രിയപ്പെട്ട ഡെപ്യൂട്ടി മേയർ, നഗരസഭ സെക്രട്ടറി, കൗൺസിൽ അംഗങ്ങൾ,നഗരസഭ ജീവനക്കാർ എന്നിവർക്ക് മേയർ ഹൃദയപൂർവ്വം നന്ദി അറിയിച്ചു.
1995-96 മുതലാണ് മികച്ച ഗ്രാമപഞ്ചായത്തുകളെ സംസ്ഥാന തലത്തിലും ജില്ലാതലത്തിലും തെരഞ്ഞെടുത്ത് ട്രോഫിയും ക്യാഷ് അവാർഡും സാക്ഷ്യപത്രവും നൽകി ആദരിച്ചുവരുന്നത്. എന്നാൽ 1996-97 മുതൽ ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജിനെ അനുസ്മരിച്ചുകൊണ്ട് ട്രോഫിയ്ക്ക് സ്വരാജ് ട്രോഫി എന്ന് നാമകരണം ചെയ്തു. 1999-2000 മുതൽ മുനിസിപ്പാലിറ്റികൾക്കും 2000-01 മുതൽ ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കോർപ്പറഷൻ എന്നിവയ്ക്കും സ്വരാജ് ട്രോഫി ഏർപ്പെടുത്തി.