രാജ്യത്ത് എല്ലാ പ്രധാന ദേശീയ പത്രങ്ങളുടെയും ഒന്നാം പേജിലെ പ്രധാന തലക്കെട്ട്, റിസർവ് ബാങ്ക് നിശ്ചയിച്ച അപകട രേഖയും കടന്ന് ഇന്ത്യയിലെ വിലക്കയറ്റ നിരക്ക് ഉയർന്നുവെന്നതാണ്. ബിസിനസ് ലൈൻ, ബിസിനസ് സ്റ്റാൻഡേർഡ്, ന്യൂ ഇന്ത്യൻ എക്സ്പ്രസ് എന്തിനധികം ഈയിടയായി കേന്ദ്രസർക്കാരിന് അഹിതമായ വാർത്തകൾ കൊടുക്കാൻ മടിക്കുന്ന ദി ഹിന്ദു ഉൾപ്പെടെ എല്ലാവരുടെയും ഒന്നാം പേജ് വാർത്തയാണ്, വിലക്കയറ്റത്തിന്റെ ഭീമമായ വർധനവ്.
എന്നാൽ വിചിത്രമെന്ന് പറയട്ടെ, കേരളത്തിലെ പ്രമുഖ പത്രങ്ങൾക്കൊന്നും അത് ഒന്നാം പേജിലെ തലക്കെട്ടോ പ്രധാനവാർത്തയോ അല്ലെന്ന് മന്ത്രി എംബി രാജേഷ്. കേരളത്തിലെ പ്രമുഖരായ രണ്ട് പത്രങ്ങൾക്ക് അത് ബിസിനസ് പേജിൽ മാത്രമൊതുങ്ങുന്ന വാർത്തയാണ്. ദേശാഭിമാനിയും ജനയുഗവും മാത്രമാണ്, ദേശീയ പത്രങ്ങളെപ്പോലെ ഒന്നാം പേജിൽ വിലക്കയറ്റം കുതിച്ചുയരുന്നത് പ്രധാനവാർത്തയാക്കിയിട്ടുള്ളതെന്ന് മന്ത്രി ചിത്രങ്ങൾ സഹിതം പങ്കുവെച്ച് ഫേസ്ബുക്കിൽ എഴുതി.
എന്തുകൊണ്ടായിരിക്കാം, പ്രമുഖ മലയാളം പത്രങ്ങൾക്ക് ഇത് ഒന്നാം പേജ് വാർത്തയല്ലാത്തത്. കാരണം വളരെ ലളിതം. ഒന്ന്, ബിജെപി സർക്കാരിന് അഹിതമായ വാർത്ത പ്രാധാന്യത്തോടെ കൊടുക്കേണ്ടതില്ല എന്നതുതന്നെ. രണ്ടാമത്തെ കാരണം, കേരളത്തിലെ വിലയക്കയറ്റ നിരക്ക് ദേശീയ ശരാശരിയേക്കാൾ കുറവാണ് എന്നതാണ്. ദേശീയ ശരാശരി 6.52, കേരളത്തിലെ വിലക്കയറ്റനിരക്ക് അതിലും താഴെ 6.45. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലെ വിലക്കയറ്റ നിരക്ക്, രാജ്യമാകെ വിലക്കയറ്റം കുതിച്ചുയരുമ്പോളും ദേശീയ ശരാശരിയേക്കാൾ കുറഞ്ഞിരിക്കുന്നു എന്നത് പ്രധാനപ്പെട്ട കാര്യമല്ലേ? പ്രത്യേകിച്ചും മധ്യപ്രദേശ്, തെലങ്കാന, ആന്ധ്ര,യുപി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെല്ലാം വിലക്കയറ്റനിരക്ക് ദേശീയ ശരാശരിയേക്കാൾ വളരെ മുകളിൽ നിൽക്കുമ്പോൾ.
എന്നിട്ടും ഒരു പ്രധാനപത്രം ഈ വസ്തുത മറച്ചുവെച്ച് എഴുതിയത്, കേരളത്തിലും വിലക്കയറ്റമുയർന്നു എന്നാണെന്ന് മന്ത്രി കുറിക്കുന്നു.
കേരളത്തിലെ വിലക്കയറ്റ നിരക്ക് ദേശീയ ശരാശരിയേക്കാൾ താഴെ എന്നതാണ് വസ്തുതയും വാർത്തയാകേണ്ടതും. എന്നാൽ വാർത്തയോ, കേരളത്തിലും വിലക്കയറ്റമുയർന്നു. മാധ്യമങ്ങളുടെ നഗ്നവും പക്ഷപാതപരവുമായ രാഷ്ട്രീയത്തിന്റെ ഒന്നാംതരം ഉദാഹരണമാണിത്. കേരളത്തിലെ പത്രങ്ങൾക്ക് ഇടതുപക്ഷത്തെ പ്രതിസ്ഥാനത്ത് നിർത്തണം, ബിജെപി സർക്കാരിനെ സംരക്ഷിക്കുകയും വേണം. അതുകൊണ്ട്, ജനങ്ങളെ ബാധിക്കുന്നതും ദേശീയ പത്രങ്ങൾക്ക് വാർത്തയാവുന്നതുപോലും അവർക്ക് ഇവിടെ പ്രധാന വാർത്തയല്ലാതാവുന്നുവെന്നും എംബി രാജേഷ് കൂട്ടിച്ചേർത്തു.
https://www.facebook.com/mbrajeshofficial/posts/pfbid02v3f6tMSA8qzrCK3Qi6x5SjLjVQaieEqnF3B8gBggWsyspb7v1ptc14X7FZqjRtyJl