തിരുവനന്തപുരം : സഹകരണ വായ്പാ മേഖലയിലെ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്നതിനും യുവജനങ്ങളെ സഹകരണ പ്രസ്ഥാനങ്ങളിലേക്ക് ആകർഷിക്കുന്നതിനും വേണ്ടിയുള്ള നിക്ഷേപ സമാഹരണ യജ്ഞം ഫെബ്രുവരി 15-ന്ആരംഭിക്കും. മാർച്ച് 31 വരെയാണ് യജ്ഞം.
9000 കോടി രൂപയാണ് ലക്ഷ്യം വയ്ക്കുന്നത്.
നിക്ഷേപ സമാഹരണ യജ്ഞത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം ടൗൺഹാളിൽ ഫെബ്രുവരി 20 -ന് സഹകരണ രജിസ്ടേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിക്കും. “സഹകരണ നിക്ഷേപം കേരളവികസനത്തിന്” എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.
നിക്ഷേപത്തിൻ്റെ 30 ശതമാനം വരെ കറന്റ് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ട് വിഭാഗത്തിലായിരിക്കണം എന്ന് നിർദേശം നൽകിയിട്ടുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങൾ, കാർഷിക വായ്പ സഹകരണ സംഘങ്ങൾ, പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്കുകൾ, അർബൻ ബാങ്കുകൾ, എംപ്ലോയ്സ് സഹകരണ സംഘങ്ങൾ, അംഗങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്ന വായ്പേതര സംഘങ്ങൾ എന്നിവയിലും കേരള ബാങ്കിലുമാണ് നിക്ഷേപ സമാഹരണ യജ്ഞം നടക്കുന്നത്. 9000 കോടിയില്‍ സംസ്ഥാന സഹകരണ കാർഷിക വികസന ബാങ്കിന്റെ ലക്ഷ്യം 150 കോടിയാണ്. കേരളബാങ്ക് 14 ജില്ലകളില്‍ നിന്നായി 1750 കോടി രൂപയും മറ്റു സഹകരണബാങ്കുകള്‍ 7250 കോടിയും ലക്ഷ്യമിടുന്നു. നിക്ഷേപങ്ങൾക്ക് സഹകരണ രജിസ്ട്രാർ പുറപ്പെടുവിച്ച സർക്കുലർ പ്രകാരമുള്ള പരമാവധി പലിശ നൽകും.