തിരുവനന്തപുരം: കേരളത്തിൻ്റെ പുരോഗതി തടയുന്നതിന് കോൺഗ്രസും ബി ജെ പി യും ഒരേ മനസ്സോടെയാണ് നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോൺഗ്രസും ബി ജെ പി യും നടത്തിയപ്രക്ഷോഭങ്ങളെല്ലാം പരസ്പരം ആലോചിച്ചു നടപ്പാക്കുന്ന രീതിയിലാണ് ഉയർത്തിക്കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സർക്കാരിൻ്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന രീതിയിലുള്ളപ്രതിഷേധങ്ങൾ വകവെയ്ക്കില്ല. അത് ധാർഷ്ട്യമെന്ന് പറഞ്ഞാലും നാടിൻ്റെ പുരോഗതിക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളുമായി മുമ്പോട്ടു തന്നെ പോകും.
കേരളത്തിൽ ബി.ജെ.പി.യും കോൺഗ്രസും ഒരേ മനസ്സോടെയാണ് കാര്യങ്ങൾ നീക്കുന്നത്. ക ഇവിടുത്തെ ബി.ജെ.പി.യെ ഉപയോഗിച്ച് കേന്ദ്ര സർക്കാരിനെ സ്വാധീനിക്കുക, അങ്ങനെ സംസ്ഥാനത്തിനെതിരായ നിലപാടെടുപ്പിക്കുക. അതാണിപ്പോൾ നടക്കുന്നത്. കേരളത്തിലെ ബിജെപിയും കോൺഗ്രസും യു.ഡി.എഫും ഒരേ മനസ്സോടെ പ്രക്ഷോഭത്തിലേക്ക് വരുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. രാവിലെ ഒരുകൂട്ടർ ഒന്നുപറയും. അതേ കാര്യം വലിയ വ്യത്യാസമില്ലാതെ മറ്റേ കൂട്ടർ ഉച്ചയ്ക്കുശേഷം പറയും. ഇത് കോൺഗ്രസും ബിജെപിയും ഇവിടെ പയറ്റി.
അടുത്ത രണ്ടുവർഷം കൊണ്ട് സംസ്ഥാനത്ത് കൂടുതൽ വികസന മുണ്ടാകുമെന്നും അതിലൂടെ കേരളത്തിന്റെ മുഖച്ഛായ മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗെയിൽ പൈപ്പ് റ ലൈൻ വഴിയുള്ള പാചക വാതകം കൂടുതൽ വീടുകളിലെത്തും. യുഡിഎഫ് ഉപേക്ഷിച്ച പദ്ധതിയാണ് ഗെയിൽ പദ്ധതി. സംസ്ഥാനത്ത് ഏത് പദ്ധതിയെയും മുടക്കാൻ ചില ശക്തികൾ തുനിഞ്ഞിറങ്ങുന്നുണ്ട്. കൂടംകുളം വൈദ്യുതിയെത്തിക്കുന്നതിനുള്ള ഇടമൺ – കൊച്ചി പവർ ഹൈവേ മുടക്കാൻ ശ്രമിച്ചു.എന്നാൽ എൽഡിഎഫ് സർക്കാർ ഈ പദ്ധതി പൂർത്തിയാക്കി വൈദ്യുതിയെത്തിച്ചു. നടക്കില്ല എന്നു കരുതിയ പദ്ധതികൾ നടക്കുമെന്ന് അനുഭവത്തിലൂടെ കാണിച്ചു കൊടുത്ത സർക്കാരാണ് ഇന്ന് കേരളത്തിലുള്ളത്.
വിഭവശേഷി സമാഹരിക്കുന്നതിനാണ് കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചത്. 50,000 കോടിയുടെ വികസനം നടത്തുമെന്ന് പ്രഖ്യാപിച്ചു. 2016 – 21 വരെ 65,000 കോടിയുടെ പദ്ധതിയ്ക്ക് കിഫ്ബി വഴി രൂപം നൽകി. കേരളത്തിന് വിഭവശേഷി കുറവാണ്. ഖജനാവിന് ശേഷിക്കുറവ് ഉണ്ട്. വിഭവ സമാഹരണം അതിവേഗം നടക്കില്ലെങ്കിലും വിഭവ സമാഹാരണത്തിന് കിഫ്ബി ഉപകരിച്ചു. അന്ന് കിഫ്ബിയെ പരിഹസിച്ചവർ ഇന്നത്തെ അനുഭവം നോക്കൂ, പണം ഇല്ലാത്തത് കൊണ്ട് മുടങ്ങിയ പല പദ്ധതികളും കിഫ്ബി വഴി പൂർത്തിയായതായി മുഖ്യമന്ത്രി പറഞ്ഞു.