ഇന്ന് ഒരുവിവാദം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. സംഗതി ബഹുകോമഡിയാണ്. അരിയെത്രയെന്ന് എൻ കെ പ്രേമചന്ദ്രൻ ലോക്സഭയിൽ കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമനോട് ചോദിച്ചു. പയറഞ്ഞാഴിയെന്ന് ആയമ്മ വർഷം തിരിച്ചു മറുപടിയും പറഞ്ഞു. വാർത്ത പുറത്തുവന്നയുടനെ അരിയും പൊരിയും തിരിച്ചറിയാത്ത സംഘികൾ വാട്സാപ്പിൽ പണി തുടങ്ങി. കായും പൂവും തിരിച്ചറിയാത്ത മാധ്യമങ്ങൾ കേരളസർക്കാരിനെതിരെ തലക്കെട്ടും ചമച്ചു. രണ്ടുകൂട്ടരോടും പറയട്ടെ.
അനിയാ നിൽ….
ആദ്യം നമുക്ക് നിർമ്മലാ സീതാരാമൻറെ വേറൊരു വീഡിയോ കാണാം. 2022 ഡിസംബർ 12ന് ഡോ. ശശി തരൂരിന്റെ ചോദ്യത്തിന് നൽകിയ മറുപടിയാണത്.
കേന്ദ്രമന്ത്രിയുടെ അവസാന വാചകം, But of cource, there is a dispute, afterall I am dealing with the tax payers money, I need to have a legitimate way of sorting it out with the AG, with the Finance Minister, with the officials of the state….
കോമ്പൻസേഷൻ തുക സംബന്ധിച്ച് ഡിസ്പ്യൂട്ട് ഉണ്ട് എന്നും തന്നെ സന്ദർശിച്ച സംസ്ഥാന ധനമന്ത്രി വിശദമായി അവ സംബന്ധിച്ച വിവരങ്ങൾ തനിക്കു കൈമാറി എന്നും നിർമ്മലാ സീതാരാമൻ 2022 ഡിസംബർ 12ന് പാർലമെൻറിൽ സമ്മതിച്ചിട്ടുണ്ട്. I need to have a legitimate way of sorting it out with the AG, എന്നാണ് അവരന്ന് പാർലമെന്റിൽ പറഞ്ഞത്. അക്കൗണ്ടന്റ് ജനറലുമായി കണക്കുകൾ തനിക്ക് ഒത്തു നോക്കേണ്ടതുണ്ട് എന്നാണ് അതിന്റെ പച്ചമലയാളം.
കണക്കുകൾ എജിയുമായി ഒത്തു നോക്കേണ്ട ഉത്തരവാദിത്തം തനിക്കു തന്നെയാണ് എന്ന് മാസം മുമ്പ് പറഞ്ഞ മാഡമാണ്, ഇപ്പോൾ കുന്തം മറിഞ്ഞു നൽക്കുന്നത്. എജി അംഗീകരിച്ച കണക്ക് അഞ്ചു കൊല്ലമായി കേരളം കൊടുക്കുന്നില്ല പോലും.
പ്രേമചന്ദ്രൻ ചോദിച്ചത് എന്ത്… ആയമ്മ മറുപടി പറഞ്ഞത് എന്ത്… നോക്കാം.
ഐജിഎസ്ടി ക്ലെയിമിനെക്കുറിച്ചാണ് പ്രേമേട്ടന്റെ ചോദ്യം. IGSTയിൽ കഴിഞ്ഞ അഞ്ചുവർഷമായി കേരളം എത്ര ക്ലെയിം ചെയ്തിട്ടുണ്ട്? എത്ര കേന്ദ്രം കൊടുത്തിട്ടുണ്ട്. ഇതാണല്ലോ ചോദ്യം.
എന്താണീ ഐജിഎസ്ടി. അതും അറിയണമല്ലോ. സിജിഎസ്ടിയെന്നാൽ കേന്ദ്രത്തിന് അവകാശപ്പെട്ട ജിഎസ്ടി. എസ് ജി എസ് ടിയെന്നാൽ സംസ്ഥാനത്തിന് അവകാശപ്പെട്ടതും. ജിഎസ് ടി വന്നപ്പോൾ സംസ്ഥാനത്തിനുണ്ടായ നികുതി നഷ്ടത്തിനു കേന്ദ്രം നൽകുന്ന പരിഹാരമാണ് ജിഎസ് ടി കോമ്പൻസേഷൻ.
ജിഎസ് ടി കോമ്പൻസേഷനും ഐജിഎസ്ടിയുമായി യാതൊരു ബന്ധവുമില്ല. അതാണ് ആദ്യം മനസിലാക്കേണ്ടത്. ഐജിഎസ്ടിയെന്നുവെച്ചാൽ ഇന്റഗ്രേറ്റഡ് ഗുഡ്സ് ആൻഡ് സർവീസ് ടാക്സ്. രണ്ടു സംസ്ഥാനങ്ങൾ തമ്മിൽ സാധനങ്ങളോ സേവനങ്ങളോ വിപണനം നടക്കുമ്പോഴാണ് ഐജിഎസ് ടി പിരിക്കുന്നത്.
ഉദാഹരണം പറയാം. ബുക്ക് മൈ ഷോ വഴി ഒരു സിനിമാ ടിക്കറ്റ് ബുക്ക് ചെയ്തു എന്നു വിചാരിക്കുക. കേരളത്തിൽ രജിസ്ട്രേഡ് വിലാസമുള്ള ഒരാൾ ഇന്ത്യയിൽ എവിടെ സിനിമ കാണാൻ ബുക്ക് മൈ ഷോയിൽ ടിക്കറ്റ് ബുക്ക് ചെയ്താലും, അവർ ഈടാക്കുന്ന ഐ ജി എസ് ടിയുടെ അമ്പതു ശതമാനം കേരള സർക്കാരിന് അവകാശപ്പെട്ടതാണ്. അത് ബുക്ക് മൈ ഷോ കമ്പനി സമർപ്പിക്കുന്ന റിട്ടേണിൽ കാണിക്കണം. കേരളത്തിൽ നിന്നുള്ള ഇത്ര പേർ ടിക്കറ്റ് ബുക്ക് ചെയ്ത വകയിൽ ഇത്ര രൂപ നികുതി ഈടാക്കിയിട്ടുണ്ട്. ജിഎസ് ടിഎൻ കമ്പനിയുടെ സോഫ്റ്റുവെയറിലെ അൽഗോരിതം വഴി ഇത്തരത്തിൽ ഓരോ സാധനങ്ങളുടെയും സേവനങ്ങളുടെയും വിപണനം വഴി ഓരോ സംസ്ഥാനത്തിനും കിട്ടേണ്ട ഐ ജി എസ് ടി കണക്കാക്കി എല്ലാ മാസവും ഇരുപതാം തീയതി കൃത്യമായി വിതരണം ചെയ്യും.
ഓർക്കുക. ഇത് നാം ക്ലെയിം ചെയ്യേണ്ട തുകയല്ല. സോഫ്റ്റുവെയർ ഉപയോഗിച്ച് കണക്കാക്കേണ്ട തുകയാണ്. അത് കിട്ടാൻ എജി സർട്ടിഫൈ ചെയ്ത കണക്കും ഹാജരാക്കേണ്ടതില്ല. ഐജി എസ് ടി ഇനത്തിൽ നമുക്കു കിട്ടിയ തുകയുടെ കണക്കു നോക്കാം
2017 – 18ൽ – 6800.97 കോടി രൂപ
2018-19ൽ 12848.93 കോടി
2019-20 10619.71 കോടി
2020-21 10939.81 കോടി
2021-22ൽ 14098.27 കോടി.
2022-23 (ജൂൺ വരെ) 4301.09 കോടി. അങ്ങനെ ആകെ 59608.78 കോടി രൂപ ആറു വർഷങ്ങളിലായി ഐജിഎസ് ടി ഇനത്തിൽ കേരളത്തിന് കിട്ടിയിട്ടുണ്ട്. ഒരു ക്ലെയിമുമില്ലാതെ. എജിയുടെ ഒരു സർട്ടിഫിക്കറ്റുമില്ലാതെ. ഈ തുകയിൽ ഒരു 5000 കോടി രൂപ കൂടി കേരളത്തിന് കിട്ടാൻ അർഹതയുണ്ട് എന്നാണ് എക്സ്പെൻഡിച്ചർ കമ്മറ്റി റിപ്പോർട്ടിൽ പറയുന്നത്. അത് ജിഎസ് ടി എൻ കമ്പനി പരിശോധിക്കേണ്ട കാര്യമാണ്.
ഈ തുകയുടെ വിവരങ്ങളാണ് പ്രേമചന്ദ്രൻ ചോദിച്ചത്. നിർമ്മലാ സീതാരാമന്റെ മറുപടിയോ…
2018 മുതല് ഒരു വര്ഷം പോലും അക്കൗണ്ടന്റ് ജനറലിന്റെ അംഗീകാരമുള്ള ജിഎസ്ടി നഷ്ടപരിഹാരത്തിനുള്ള രേഖ കേരളം ഹാജരാക്കിയിട്ടില്ലെന്നാണ് കേന്ദ്ര ധനമന്ത്രിയുടെ മറുപടി.
അപ്പോൾ ഒരു കണക്കുമില്ലാതെയാണോ ഇതുവരെ കേരളത്തിന് ജിഎസ് ടി കോമ്പൻസേഷൻ തന്നത്? 2017 – 18 മുതൽ 2022-23 വരെ 41742.72 കോടി രൂപ കേരളത്തിന് ജിഎസ് ടി കോമ്പൻസേഷൻ ലഭിച്ചിട്ടുണ്ട്.
സത്യത്തിൽ പ്രേമചന്ദ്രന്റെ ചോദ്യം കേട്ട് നിർമ്മലാ സീതാരാമന്റെ കിളി പറന്നതാകാനാണ് വഴി. കേരളത്തിന് ജിഎ സ് ടി കോമ്പൻസേഷൻ ഇനത്തിൽ ഇനി കിട്ടാനുള്ളത് 780 കോടി രൂപയാണ് എന്ന് കേരളവും കേന്ദ്രസർക്കാരും അംഗീകരിച്ചതാണ്. പ്രേമചന്ദ്രൻ ചോദിച്ചതോ, ഐജിഎസ് ടിയുടെ വകയിൽ 5000 കോടിയും.
അതു വേ….. ഇതു റേ…
പ്രേമചന്ദ്രൻ ചോദിച്ചത് അരിയെത്രയെന്നാണ് മാഡം. അതിന് പയറഞ്ഞാഴി എന്നു മറുപടി പറഞ്ഞാൽ, സംഘികൾ ആഘോഷിക്കുമെന്നല്ലാതെ വേറെന്ത് സംഭവിക്കാൻ?