കാസർകോഡ് :
അടച്ചുറപ്പുള്ള വീട് ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ്. പലരും ഈ സ്വപ്നത്തെ തേടിപ്പിടിക്കുമ്പോൾ മറ്റുചിലർക്ക് ഇത് അന്യമാകുന്നു. എന്നാൽ, ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് താങ്ങാവുകയാണ് സിപിഎം. കാസർകോട് ജില്ലയിൽ 66 വീടുകളാണ് സിപിഎം നേതൃത്വത്തിൽ പണികഴിപ്പിക്കുന്നത്. ഇതിൽ 55 വീടുകളുടെ പണി പൂർത്തിയാക്കി അർഹതപ്പെട്ടവർക്ക് കൈമാറുകയും ചെയ്തു. ബാക്കിയുള്ള വീടുകളുടെ നിർമ്മാണം നടന്നുവരികയാണ്. വൈകാതെ തന്നെ താക്കോൽ കൈമാറാനാകുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനാണ് കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ താക്കോൽ ദാനം നിർവ്വഹിച്ചത്. ഇതിനൊപ്പം പൂർത്തിയാകാത്ത ലൈഫ് വീടുകൾ പല സ്ഥലത്തും പാർട്ടി പ്രവർത്തകർ തന്നെ ഇടപെട്ട് പൂർത്തിയാക്കുകയും ചെയ്തു. ആറുലക്ഷം മുതൽ 25 ലക്ഷം വരെ ചെലവിട്ടാണ് വീടുകളുടെ പണി പൂർത്തീകരിച്ചിരിക്കുന്നത്. ചിലയിടങ്ങളിൽ സ്വന്തം സ്ഥലം പോലുമില്ലാത്ത നിർധന കുടുംബങ്ങൾക്കാണ് വീട് നിർമിച്ചത്. ഇതോടൊപ്പം പല വീടുകളുടെയും അറ്റകുറ്റപ്പണിയും സി പി എം ഏറ്റെടുത്തു നടത്തി. നിർമാണത്തിലുള്ള വീടുകളുടെ പണിയും ശ്രമദാനമായി ഏറ്റെടുത്തു.
പണികഴിപ്പിച്ച വീടുകൾ;
സിപിഎം തൃക്കരിപ്പൂർ ഏരിയാകമ്മിറ്റി നാല് വീടുകളാണ് പൂർത്തീകരിച്ചത്. കൊടക്കാട് വെസ്റ്റ്, തൃക്കരിപ്പൂർ ടൗൺ, തൃക്കരിപ്പൂർ സൗത്ത് ലോക്കൽകമ്മറ്റികളുടെത് കൈമാറി. മാണിയാട്ട് നിർമാണഘട്ടത്തിലാണ്. ചെറുവത്തൂരിൽ എട്ടുലോക്കലിൽ വീടുകളുടെ താക്കോൽ കൈമാറി. മൂന്നിടത്ത് പണി നടക്കുന്നു.കയ്യൂർ, കയ്യൂർ ഈസ്റ്റ്, ചീമേനി, ചീമേനി ഈസ്റ്റ്, ക്ലായിക്കോട്, തിമിരി, തിമിരി ഈസ്റ്റ്, ഉദിനൂർ എന്നിവടങ്ങളിലാണ് വീട് കൈമാറിയത്. നീലേശ്വരം ഏരിയാകമ്മിറ്റി പരപ്പ, ബിരിക്കുളം, കരിന്തളം വെസ്റ്റ്, മടിക്കൈ സെന്റർ, മടിക്കൈ ഈസ്റ്റ്, അമ്പലത്തുകര, മടിക്കൈ, മടിക്കൈ സൗത്ത്, പേരോൽ ഈസ്റ്റ്, നീലേശ്വരം എന്നിങ്ങനെ 10 വീടാണ് പണിതത്.
പനത്തടിയിൽ കാലിച്ചാനടുക്കം, കോടോം, രാജപുരം, ചുള്ളിക്കര ലോക്കൽ കമ്മിറ്റികളാണ് വീട് നിർമിച്ചത്. എളേരിയിൽ ചിറ്റാരിക്കാൽ, പറമ്പ ലോക്കൽ കമ്മിറ്റികളും സ്നേഹവീട് കൈമാറി. കാഞ്ഞങ്ങാട് ഏരിയയിൽ തീരദേശ ലോക്കൽ, ചിത്താരി, പുല്ലൂർ,കൊളവയൽ ലോക്കലുകളിൽ നാലുവീട് കൈമാറി. രണ്ടെണ്ണം നിർമാണ ഘട്ടത്തിലുമാണ്. ചാലിങ്കാലിൽ ഒരു ലൈഫ് വീടും നിർമിച്ചു. ബേഡകത്ത് എട്ടെണ്ണം കൈമാറി. മൂന്നെണ്ണം അവസാന ഘട്ടത്തിലാണ്. പടുപ്പ് ലോക്കലിൽ രണ്ട് വീട് നൽകി.
കുണ്ടംകുഴി, ബീബുങ്കാൽ, ബേഡകം, മുന്നാട്, ബേത്തൂർപ്പാറ ലോക്കലുകൾ ഓരോ വീടും കൈമാറി. കളക്കര ഫസ്റ്റ് ബ്രാഞ്ച് സ്വന്തം നിലയിലും വീടുനിർമിച്ചു നൽകി. പള്ളത്തിങ്കാൽ, കുറ്റിക്കോൽ, കൊളത്തൂർ ലോക്കലുകളുടെ വീടാണ് അവസാന ഘട്ടത്തിലുള്ളത്. ഉദുമ ഏരിയയിൽ എട്ടുവീടുകളാണ് നിർമിച്ചത്. ഇതിൽ ആറെണ്ണം കൈമാറി. രണ്ടെണ്ണം ഉടൻ കൈമാറും. കാറഡുക്കയിൽ ഇരിയണ്ണിയിലും വീട് നൽകി. കാസർകോട് ഏരിയയിൽ മൊത്തം അഞ്ച് വീടുകളുടെ നിർമാണം പൂർത്തയാകുന്നു. കാസർകോട്, മധൂർ ലോക്കലുകളും പട്ല, ഇമ്പ്രാൻ വളപ്പ്, കളരി ബ്രാഞ്ചുകളുമാണ് വീട് നിർമിക്കുന്നത്. മഞ്ചേശ്വരം ഏരിയയിൽ മൂന്നും കുമ്പളയിൽ ഒരുവീടും കൈമാറിയിട്ടുണ്ട്.