കൊച്ചി: ഉന്നത വിദ്യാഭ്യാസ രംഗത്തും ഗവേക്ഷണ മേഖലയിലും കേരളത്തിൻ്റെ മികവിനെ അഭിനന്ദിച്ച് നാഷണൽ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) ചെയർമാൻ പ്രഫ. ഭൂഷൺ പട് വർധൻ. അക്കാദമിക് രംഗത്തെ അറിവുകളെ സമൂഹത്തിന് പ്രയോജനകരമാകുന്ന വിധത്തിൽ വിനിയോഗിക്കുന്ന ട്രാൻസ്ലേഷണൽ റിസർച്ചിനോടുള്ള കേരള സർക്കാരിൻ്റെ സമീപനം ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
നാക് അക്രഡിറ്റേഷനിൽ ഉയർന്ന ഗ്രേഡുകൾ നേടിയ സർവ്വകലാശാലകളെയും കോളേജുകളെയും ആദരിക്കുന്ന എക്സലൻഷ്യ 23 പുരസ്കാര സമർപ്പണത്തിൻ്റെയും അക്രഡിറ്റേഷന് തയ്യാറെടുക്കുന്ന സ്ഥാപനങ്ങൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകുന്ന സിമ്പോസിയത്തിൻ്റെയും ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരമുയർത്തുകയാണ് നാക്കിൻ്റെ അടിസ്ഥാന ലക്ഷ്യം. കേരളത്തിൽ നിന്നുളള ഡോ. എം എസ് വല്യത്താനാണ് തൻ്റെ മാർഗദർശി. മറ്റുള്ളവർക്ക് ഒട്ടേറെ കാര്യങ്ങളിൽ പിന്തുടരാൻ കഴിയുന്ന മാതൃകയാകാൻ കേരളത്തിന് കഴിയും. പാരമ്പര്യം, സംസ്കാരം, വികസനത്തോടും സാങ്കേതിക വിദ്യയോടുമുള്ള തുറന്ന സമീപനം ഇവയുടെയെല്ലാം കാര്യത്തിൽ കേരളം അനുഗ്രഹീതമാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാർട്ട് അപ്പ് മിഷൻ്റെ പ്രവർത്തനങ്ങളെയും നാക് ചെയർമാൻ പ്രശംസിച്ചു.