കോട്ടയം: വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് പൊതുമേഖലാ വ്യവസായ സംരക്ഷണത്തിൻ്റെ അഭിമാനകരമായ കേരള ബദലായി രാജ്യത്തിന് മാതൃകയാവുന്നു. രാജ്യത്തെ 11 പത്രസ്ഥാപനങ്ങൾക്ക് ന്യൂസ് പ്രിന്റ് നൽകിത്തുടങ്ങിയ കെപിപിഎൽ കടലാസ് നിറമാണത്തിനുള്ള പൾപ്പിൻ്റെ ഗുണനിലവാരം കൂടുതൽ ഉയർത്താനുള്ള നടപടി ആരംഭിച്ചു. ഇതിനുള്ള കെമിക്കൽ റിക്കവറി പ്ലാന്റ് ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർണ സജ്ജമാകും. ഇതോടെ മാലിന്യം കുറയുകയും പൾപ്പ് മികച്ച നിലവാരത്തിലേക്ക് എത്തുകയും ചെയ്യും.
നിലവിൽ പ്രതിദിനം 428 ടൺ പൾപ്പ് ഉൽപാദിപ്പിക്കാനുള്ള ശേഷി കെപിപിഎല്ലിനുണ്ട്. പൾപ്പ് നിർമിക്കുന്ന കെമി- മെക്കാനിക്കൽ പ്ലാന്റിൻ്റെ നിർമാണശേഷി പ്രതിദിനം 228 ടൺ ആണ്. ഡീഇങ്കിങ് പ്ലാന്റിന് 100 ടൺ, കെമിക്കൽ പൾപ്പിങ് പ്ലാന്റിന് 100 ടൺ എന്നിങ്ങനെയാണ് ആകെ 428 ടൺ ഉൽപാദന ശേഷി വരുന്നത്.പ്ലാന്റിൻ്റെ പരമാവധി കടലാസ് ഉൽപാദന ശേഷിയായ 320 ടണ്ണിന് ഇത്രയും പൾപ്പ് മതിയാകും.
കെപിപിഎല്ലുമായി കരാറുള്ള 11 പത്ര സ്ഥാപനങ്ങൾക്കുവേണ്ടി പ്രതിദിനം 175 ടൺ ന്യൂസ് പ്രിന്റാണ് ഉൽപാദിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാജ്യത്ത് ദേശാഭിമാനിയടക്കം 11 പത്രങ്ങൾ പത്രമിറക്കിയത് കെപിപിഎൽ ഉൽപ്പാദിപ്പിച്ച കടലാസിലാണ്. ഇംഗ്ലീഷ് പത്രങ്ങളായ ദ ഹിന്ദുവും ബിസിനസ് സ്റ്റാൻഡേർഡും ആറ് മലയാള പത്രങ്ങളും രണ്ട് തെലുങ്ക് പത്രങ്ങളും ഒരു തമിഴ് പത്രവുമാണ് പൊതുമേഖലാ സ്ഥാപനത്തിൻ്റെ ന്യൂസ് പ്രിന്റ് ഉപയോഗിച്ച് പത്രം അച്ചടിച്ചത്.