തിരുവനന്തപുരം: കേരളത്തിൻ്റെ പുരോഗതി തടയുകയാണ് യുഡിഎഫ്-ബിജെപി ലക്ഷ്യമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഏത് പ്രതികൂല സാഹചര്യത്തിലും എൽ ഡി എഫ് സർക്കാർ ശക്തമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. എൽ ഡി എഫ് സർക്കാരും കേരളവും ഒരിഞ്ച് മുൻപോട്ട് പോകാൻ പാടില്ല എന്നാണ് ഇരു കൂട്ടരും ആഗ്രഹിക്കുന്നത്. രാഷ്ട്രീയമായ കാരണങ്ങളാലാണ് കേന്ദ്രത്തിൽനിന്ന് കേരളത്തിന് ലഭിക്കേണ്ട വിഹിതം നിഷേധിക്കപ്പെടുന്നത്. ആ രാഷ്ട്രീയത്തിന് കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ല.
ബജറ്റിൽ സെസ് ഏർപ്പെടുത്തിയതിനെക്കുറിച്ച് ചോദിക്കുന്ന മാധ്യമങ്ങളെ സാധാരണക്കാരായ ഓട്ടോറിക്ഷക്കാർവരെ എതിർക്കുന്നു. കേരളത്തിന് കേന്ദ്രത്തിൽനിന്ന് ഒരു വർഷം ലഭിക്കേണ്ട 40000 കോടി രൂപ കിട്ടാതിരിക്കുകയാണ്. 3.9 ശതമാനം കേരളത്തിന് വിഹിതമായി ലഭിക്കേണ്ട തുകയാണ്. മാധ്യമങ്ങൾ ഒരക്ഷരം അതേപ്പറ്റി മിണ്ടുന്നില്ല -അത് 1.9 ശതമാനമായി കുറഞ്ഞു. 3.9 ശതമാനം കേരളത്തിന് പത്താം പദ്ധതി വിഹിതമായി ഉണ്ടായിരുന്നു. അത് 1.9 ശതമാനമായി കുറച്ചു. എല്ലാ മേഖലയിലും മുന്നോട്ടുവന്ന സർക്കാരിന് കിട്ടേണ്ടുന്ന പണമാണ് നഷ്ടപ്പെട്ടത്.
ജിഎസ്ടി നഷ്ടപരിഹാരമായ 9000 കോടിയും തരുന്നില്ല. ജിഎസ്ടി കുടിശികയായ 750 കോടിയും തരുന്നില്ല. കടം വാങ്ങാനുള്ള ശേഷി ഏതാണ്ട് 3500 കോടിയോളമാണ് കുറഞ്ഞത്. ഇത്തരത്തിൽ ലഭിക്കാനുള്ള 40000 കോടി ലഭിക്കാതിരുന്നാൽ 60 ലക്ഷത്തോളം ആളുകൾക്ക് കൊടുത്തു കൊണ്ടിരിക്കുന്ന ക്ഷേമ പെൻഷൻ കൊടുക്കാൻ കഴിയില്ല. നിരവധി വികസന പ്രവർത്തനങ്ങൾ നടത്താൻ പറ്റില്ല. ഇതെല്ലാം രാഷ്ട്രീയമായ കാരണങ്ങളാൽ നിഷേധിക്കപ്പെടുന്നതാണ്.
ആ രാഷ്ട്രീയത്തിന് കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ല. ഈ പ്രതികൂല സാഹചര്യത്തിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തമായിമുന്നോട്ട് കൊണ്ടുപോകും. എല്ലാ വാഗ്ദാനങ്ങളും നിറവേറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.