തിരുവനന്തപുരം: ട്രാൻസ്ജെന്റേഴ്സിനെ പരിഹസിച്ച് മുസ്ലി ലീഗ് മുഖപത്രം ചന്ദ്രിക. കഴിഞ്ഞ ദിവസം കുഞ്ഞിന് ജന്മം നൽകിയ സഹദ്-സിയ ദമ്പതികളെ പരിഹസിച്ചാണ് ചന്ദ്രിക വാർത്ത നൽകിയത്. ട്രാൻസ്ജെന്ററെന്ന് അവകാശപ്പെട്ട യുവതി പ്രസവിച്ചുവെന്ന തരത്തിലാണ് വാർത്ത നൽകിയത്. സംഭവം വ്യാപക വിമർശനത്തിന് ഇടയാക്കിയിരിക്കുകയാണ്. വാർത്ത പിൻവലിച്ച് മാപ്പ് പറയണമെന്നും ദമ്പതികൾക്ക് പിന്തുണ പ്രഖ്യാപിച്ചും സോഷ്യൽമീഡിയ രംഗത്ത് വന്നു.
പെണ്ണിൽ നിന്നും പുരുഷനിലേയ്ക്ക് ലിംഗമാറ്റം നടത്തിയ സഹദ് തൻ്റെ ഗർഭപാത്രം നീക്കം ചെയ്തിരുന്നില്ല. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തങ്ങൾക്കെന്തുകൊണ്ട് ഒരു കുഞ്ഞിന് ജന്മം നൽകി മാതാപിതാക്കൾ ആയിക്കൂടാ എന്ന് സഹദ്-സിയ ദമ്പതികൾ ആലോചിച്ചത്. ഈ തീരുമാനത്തിന് മികച്ച പിന്തുണയാണ് ലഭിച്ചതും. ട്രാൻസ് ലോകം ഒന്നടങ്കം ഈ കുഞ്ഞിൻ്റെ വരവിനായുള്ള കാത്തിരിപ്പിലുമായിരുന്നു. കഴിഞ്ഞ ദിവസമാണ് സഹദ് കുഞ്ഞിന് ജന്മം നൽകിയത്.
ആൺകുട്ടിയോ പെൺകുട്ടിയോ എന്ന് കുട്ടി വളർന്ന് വരുമ്പോൾ സ്വയം പറയട്ടെ എന്നാണ് ട്രാൻസ്ജെന്റേഴ്സ് അറിയിച്ചതും. ഈ തീരുമാനത്തിനും കൈയ്യടി ലഭിച്ചിരുന്നു. പരിഹസിച്ചവരും അവഗണിച്ചവരും ഉൾപ്പടെ ഇരുവർക്കും അഭിനന്ദനം നേർന്നു. ട്രാൻസ്ജെന്ററെന്ന് അവകാശപ്പെട്ട യുവതി പ്രസവിച്ചു എന്ന തലക്കെട്ടോടെയാണ് ചന്ദ്രിക വാർത്ത. മുടിയും സ്തനവും നീക്കം ചെയ്ത് ആൺ വേഷം കെട്ടി ട്രാൻസ്ജെന്ററെന്ന് അവകാശപ്പെട്ട യുവതി പ്രസവിച്ചെന്നും എഴുതി.
സൈബർ ലോകം ട്രാൻസ്മെൻ പിതാവ് എന്ന് സംബോധന ചെയ്യുന്നതിനെയും ചന്ദ്രിക പരിഹസിക്കുന്നു. ഒരിക്കൽ ഉപേക്ഷിച്ച സ്ത്രീത്വത്തിലേയ്ക്കുള്ള തിരിച്ചു പോക്കും വെല്ലുവിളിയായി എന്ന് കുറിച്ചുകൊണ്ടാണ് വാർത്ത അവസാനിപ്പിക്കുന്നത്. സ്വന്തം സ്വത്വത്തിന് അനുസരിച്ച് ജീവിക്കാനുള്ള ഒരു വ്യക്തിയുടെ അവകാശത്തെയാണ് ചന്ദ്രിക പത്രം മുറിവേൽപ്പി ച്ചത്. സഹദ്-സിയ ദമ്പതികളെ മാത്രമല്ല, വാർത്തയിലൂടെ ട്രാൻസ്ജെന്റർ സമൂഹത്തെയാകെ അപമാനിച്ച ചന്ദ്രിക മാപ്പ് പറയണമെന്ന ആവശ്യവും ഉയരുന്നുണ്ട്.