കോട്ടയം: കേരളത്തിൻ്റെ സ്വന്തം പേപ്പറിൽ പത്രമിറക്കി ദേശാഭിമാനിയടക്കം വെള്ളിയാഴ്ച രാജ്യത്തിറങ്ങിയ 11 പത്രങ്ങൾ. വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിൽ (കെപിപിഎൽ) ഉൽപ്പാദിപ്പിച്ച കടലാസിലാണ് ഇംഗ്ലീഷ് പത്രങ്ങളായ ദ ഹിന്ദുവും ബിസിനസ് സ്റ്റാൻഡേർഡും ആറ് മലയാള പത്രങ്ങളും രണ്ട് തെലുങ്ക് പത്രങ്ങളും ഒരു തമിഴ് പത്രവും അച്ചടിച്ചത്.
കെ പി പി എൽ ന്യൂസ് പ്രിന്റിന് ഇറക്കുമതിചെയ്യുന്ന ന്യൂസ് പ്രിന്റിനേക്കാൾ വിലകുറവാണ്. സൂക്ഷിക്കാനുള്ള ഗോഡൗൺ വാടകയും ഒഴിവാകും. ഒരുദിവസം കെപിപിഎല്ലിൽ ഉൽപ്പാദിപ്പിക്കുന്നത് ശരാശരി 175 ടൺ കടലാസാണ്. ആഴ്ചകൾക്കകം പ്ലാന്റിൻ്റെ പരമാവധി ശേഷിയായ 320 ടണ്ണിലേക്ക് എത്തും. ഹിന്ദി പത്രങ്ങളടക്കം ന്യൂസ്പ്രിന്റിനായി കെപിപിഎല്ലിനെ സമീപിച്ചിട്ടുണ്ട്. കൂടുതൽ പത്രസ്ഥാപനങ്ങളുമായി വൈകാതെ കരാറിലെത്തും.
നിലവിൽ 45 ജിഎസ്എം(ഗ്രാംസ് പെർ സ്ക്വയർ മീറ്റർ) ഉള്ള കടലാസാണ് ഉൽപ്പാദിപ്പിക്കുന്നത്. ആവശ്യമനുസരിച്ച് മാസികകൾക്കും പുസ്തകങ്ങൾക്കുമുള്ള ജിഎസ്എം കൂടിയ കടലാസും ഉൽപ്പാദിപ്പിക്കാനാകും. കടലാസിനാവശ്യമായ പൾപ്പ് നിർമിക്കാൻ സംസ്ഥാന വനംവകുപ്പ് 24,000 ടൺ തടി നേരത്തേ അനുവദിച്ചിരുന്നു. ഇതിൽ 8,000 ടൺ ഉപയോഗിച്ചു. ഡീഇങ്കിങ്ങിലൂടെ പഴയ കടലാസിലെ മഷി നീക്കി റീസൈക്കിൾ ചെയ്തുണ്ടാക്കിയ പൾപ്പിന് പുറമെ കെമി–-മെക്കാനിക്കൽ പൾപ്പ്, കെമിക്കൽ പൾപ്പ് എന്നിവയും ഉപയോഗിച്ചാണ് ന്യൂസ് പ്രിന്റ് നിർമാണം. കേന്ദ്രസർക്കാർ നഷ്ടത്തിലാക്കി വിൽക്കാൻവച്ച പഴയ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡിനെ (എച്ച്എൻഎൽ) എൽഡിഎഫ് സർക്കാർ ലേലത്തിൽ സ്വന്തമാക്കിയാണ് കെപിപിഎൽ രൂപീകരിച്ചത്.
നേരത്തെ കെപിപിഎല്ലിൽ നിർമ്മിച്ച പേപ്പറിൽ ദി ഹിന്ദു പത്രം അച്ചടിച്ചിരുന്നു. ദി ഹിന്ദു അച്ചടിച്ച പത്രത്തിൻ്റെ തിരുവനന്തപുരം എഡിഷനിലെ 7,8,9,10 പേജുകളിലാണ് കേരള പേപ്പറിൽ പ്രിന്റ് ചെയ്തത്.