കൊച്ചി: നടൻ ഉണ്ണി മുകുന്ദൻ പ്രതിയായ പീഡനക്കേസിലെ സ്റ്റേ ഹൈക്കോടതി നീക്കി. ഒത്തുതീർപ്പ് കരാറിൽ ഒപ്പിട്ടിട്ടില്ലെന്ന് പരാതിക്കാരി അറിയിച്ചതോടെയാണ് സ്റ്റേ നീക്കിയത്. കോടതി നേരത്തേ സ്റ്റേ അനുവദിച്ചത് തെറ്റായ വിവരം നൽകിയെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ വ്യക്തമാക്കി. അഡ്വ. സൈബി ജോസ് കിടങ്ങൂരായിരുന്നു ഉണ്ണി മുകുന്ദൻ്റെ അഭിഭാഷകൻ.
കോടതിയിൽ വ്യാജ സത്യവാങ്മൂലം നൽകിയത് എങ്ങനെയെന്ന് ഉണ്ണി മുകുന്ദൻ വിശദീകരിക്കണമെന്ന് കോടതി അറിയിച്ചു. കോടതിയിൽ തട്ടിപ്പ് നടത്തുന്നത് അതീവ ഗൗരവമുള്ളതെന്ന് ജസ്റ്റിസ് കെ.ബാബു വ്യക്തമാക്കി. ഹർജിയിൽ ഈ മാസം 17-ന് ഉണ്ണി മുകുന്ദൻ വിശദീകരണം നൽകണം.
ഇടപ്പള്ളിയിലെ വീട്ടിൽ സിനിമയുടെ കഥ പറയാൻ എത്തിയ തന്നെ ഉണ്ണി മുകുന്ദൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. എന്നാൽ തനിക്കെതിരെ വ്യാജ പരാതി ഉന്നയിച്ച് പണം തട്ടാനാണ് യുവതി ശ്രമിക്കുന്നതെന്നാണ് ഉണ്ണി മുകുന്ദൻ്റെ ആരോപണം. കേസിൽ കുടുക്കാതിരിക്കാൻ 25 ക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു നടൻ്റെ പരാതി. 2017 ഓഗസ്റ്റ് 23ന് നടന്നുവെന്ന് പറയുന്ന സംഭവത്തിൽ 2017 സെപ്റ്റംബർ 15നാണ് യുവതി പരാതി നൽകിയത്.