തിരുവനന്തപുരം: പട്ടികജാതി – പട്ടികവർഗ വിഭാഗത്തിലെ ജെ.ഡി.സി, എച്ച്.ഡി.സി പാസ്സായ വിദ്യാർത്ഥികൾക്ക് സഹകരണ സ്ഥാപനങ്ങളിൽ അപ്രന്റിഷിപ്പ് നൽകും. ഒരു വർഷം മുതൽ രണ്ടു വർഷം വരെ അപ്രന്റിഷിപ്പ് അനുവദിക്കും. പട്ടികജാതി – പട്ടികവർഗ്ഗ സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ, പട്ടികജാതി – പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ എന്നിവർ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം.
പട്ടികജാതി – പട്ടികവർഗ്ഗ സഹകരണ സംഘങ്ങളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വേണ്ട നടപടികളെടുക്കാൻ യോഗം തീരുമാനിച്ചു. പട്ടികജാതി – പട്ടികവർഗ്ഗ സഹകരണ സംഘങ്ങളിലെ ബോർഡ് അംഗങ്ങൾക്ക് മൺവിളയിലെ പരിശീലന കേന്ദ്രത്തിൽ നൈപുണ്യവികസന പരിശീലനവും, സഹകരണ നിയമ പരിജ്ഞാന കോഴ്‌സും നടത്തും.
പട്ടികജാതി – പട്ടികവർഗ്ഗ സഹകരണ സംഘങ്ങളിലെ സ്ഥിരം ജീവനക്കാരായ 306 പേർക്ക് കോ-ഓപ്പറേറ്റീവ് വെൽഫെയർ ബോർഡിൽ അംഗത്വം നൽകും. മലക്കപ്പാറ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷോളയാർ പട്ടിക വർഗ്ഗ സഹകരണ സംഘം പുനരുദ്ധരിക്കുന്നതിന് സഹകരണവകുപ്പും പട്ടികജാതി – പട്ടികവർഗ്ഗ വികസന വകുപ്പും സംയുക്ത പദ്ധതി തയ്യാറാക്കും. സഹകരണ എക്‌സ്‌പോയിൽ പട്ടികജാതി – പട്ടികവർഗ്ഗ സഹകരണ സംഘങ്ങൾക്കായി പ്രത്യേക സ്റ്റാൾ അനുവദിക്കും.