ദുരന്തം പേറി നിൽക്കുന്ന തുർക്കിക്കും സിറിയയ്ക്കും പൂർവ്വസ്ഥിതിയിലേയ്ക്ക് വരുന്നതിനായുള്ള സഹായങ്ങൾ എത്തിക്കാൻ ലോകത്തോടൊപ്പം നമ്മുടെ നാടും കൈകോർക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ മുഖ്യമന്ത്രി അനുശോചനവും രേഖപ്പെടുത്തി. ലോക മനഃസാക്ഷിയെ ഞെട്ടിക്കുന്ന പ്രകൃതിദുരന്തമാണ് തുർക്കിയിലും പശ്ചിമ സിറിയയിലും ഉണ്ടായത്. സമാനതകളില്ലാത്ത ദുരന്തമാണിത്. ഭൂമികുലുക്കത്തെ തുടർന്ന് ആയിരക്കണക്കിന് വിലപ്പെട്ട ജീവനുകളാണ് പൊലിഞ്ഞുപോയത്.
വൻതോതിലുള്ള നാശനഷ്ടങ്ങളും ഉണ്ടായി. നമ്മുടെ രാജ്യത്തും പ്രകൃതിദുരന്തങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ട്. ലോകത്ത് എവിടെയായാലും മനുഷ്യൻ നേരിടുന്ന ഇത്തരം ദുരന്തങ്ങൾ നമ്മെ അഗാധമായ ദുഖത്തിലാഴ്ത്തുന്നു. എന്നാൽ ഈ അവസരത്തിൽ സ്തബ്ധരായി ഇരിക്കാതെ നമ്മളാൽ കഴിയുന്ന എല്ലാവിധ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഏർപ്പെടുക എന്നതാണ് എക്കാലത്തും നമ്മൾ സ്വീകരിച്ചിട്ടുള്ള രീതിയെന്ന് മുഖ്യമന്ത്രി പറയുന്നു.
തുർക്കി – സിറിയയിലെ ഭൂകമ്പബാധിത പ്രദേശങ്ങളിൽ അടിയന്തിര ദുരന്തനിവാരണ പ്രവർത്തനങ്ങളും വൈദ്യസഹായവും എത്തിക്കാൻ നമ്മുടെ രാജ്യം ഇതിനകം തയ്യാറെടുത്തു കഴിഞ്ഞു. ഇക്കാര്യത്തിൽ നമ്മുടെ സംസ്ഥാനത്തെക്കൊണ്ട് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യാൻ നാം സന്നദ്ധരാണ്. തകർന്നുപോയ ആ ഭുപ്രദേശത്തെയും ജനതയെയും പൂർവ്വസ്ഥിതിയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ലോകത്തോടൊപ്പം നമ്മുടെ നാടും കൈകോർക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രകൃതിദുരന്തത്തിൽ മൃതിയടഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. അവരുടെ കുടുംബങ്ങൾക്കൊപ്പം നിൽക്കുന്നു. അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.