തിരുവനന്തപുരം: കേരളത്തെ സാമ്പത്തികമായി തകർക്കുന്ന നരേന്ദ്ര മോദി ഗവൺമെന്റിനെ വെള്ള പൂശാൻ മാതൃഭൂമിയുടെ പെരുങ്കള്ളം. കോളേജ് അധ്യാപകരുടെ യുജിസി ശമ്പള വർധന കുടിശികയിനത്തിൽ കേന്ദ്ര സർക്കാർ 750 കോടി രൂപ തന്നിട്ടും കേരളം വാങ്ങിയില്ലെന്നാണ് ഫെബ്രുവരി ആറിന് മാതൃഭൂമിയുടെ ലീഡ് വാർത്തയിൽ ആരോപിക്കുന്നത്. കേന്ദ്രം ഓർമ്മിപ്പിച്ചു, കേരളം കേട്ടില്ല എന്ന തലക്കെട്ടിൽ പി കെ മണികണ്ഠൻ പേരു വെച്ചെഴുതിയ വാർത്തക്ക് യാഥാർഥ്യവുമായി ഒരു ബന്ധവുമില്ല. സംസ്ഥാന സർക്കാർ അപേക്ഷിക്കാത്തതിനാൽ 750 കോടി പോയി എന്നാണ് മാതൃഭൂമിയുടെ വിലാപം. കുടിശിക അനുവദിക്കുന്നതിനായി ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട ശുപാർശകളുടെ സമ്പൂർണ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രം പലതവണ കത്തയച്ചു, പലവട്ടം സമയം നീട്ടി നൽകി, കേരളം സമയ ക്രമം പാലിച്ചില്ല, റിപ്പോർട്ട് അപൂർണമായിരുന്നു എന്നിങ്ങനെ പോകുന്നു ബിജെപി ഗവൺമെന്റിനെ താങ്ങിയുള്ള മാതൃഭൂമിയുടെ വ്യാജ വാർത്ത. മാത്രമല്ല, സംസ്ഥാന സർക്കാർ കേന്ദ്രത്തെ പഴിക്കുന്നു എന്ന നിലവിളിയും.
കേന്ദ്ര അവഗണനയ്ക്കും കേരളത്തിന് അർഹയായ സാമ്പത്തിക വിഹിതം തട്ടിപ്പറിക്കുന്നതിനും എതിരെ ശക്തമായ രോഷം ഉയരുന്ന ഘട്ടത്തിലാണ് മാതൃഭൂമിയുടെ ഉണ്ടയില്ലാ വെടി. അർഹമായ വിഹിതം കിട്ടാത്തത് കേരളം ചൂണ്ടിക്കാണിക്കുമ്പോൾ കേന്ദ്രം വാരിക്കോരി തരുന്നു, കേരളം വാങ്ങുന്നില്ല എന്നാണ് മാതൃഭൂമിയുടെ പരിഹാസ്യമായ രോദനം.
എന്താണ് വസ്തുത:
സർവകലാശാല – കോളേജ് അധ്വാപകർക്ക് ഏഴാം കേന്ദ്ര ശമ്പള കമീഷൻ ശുപാർശ പ്രകാരമുള്ള ശമ്പള പരിഷ്കരണം നടപ്പാക്കുന്ന സംസ്ഥാനങ്ങൾക്ക് 01-01-2016 മുതൽ 31-03-2019 വരെയുള്ള കാലയളവിൽ ശമ്പള പരിഷ്കരണം മൂലമുണ്ടാകുന്ന അധിക ചെലവിൻ്റെ 50 ശതമാനം തുക തിരിച്ചു നൽകുന്ന പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഈ ശമ്പള പരിഷ്കരണവും 2018 ലെ യുജിസി റെഗുലേഷനും സംസ്ഥാന സർക്കാർ നടപ്പാക്കി. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതി പ്രകാരം 2016 ജനുവരി ഒന്നു മുതൽ 2019 മാർച്ച് 31 വരെയുള്ള കാലയളവിലെ കുടിശിക വിതരണം ചെയ്യുന്നതിന് 750.93 കോടി രൂപ കേന്ദ്ര വിഹിതമായി കേരളത്തിന് കിട്ടണം.
കേരളം ചെയ്തത്:
750.93 കോടി രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് 2019 ഏപ്രിൽ നാല്, 2020 ജൂൺ 16, 2022 മാർച്ച് അഞ്ച് എന്നീ തീയതികളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് കേന്ദ്ര സർക്കാരിന് കത്തയച്ചു. കേന്ദ്രം ആവശ്യപ്പെട്ട രേഖകൾ സഹിതമാണ് കത്ത് നൽകിയത്. കേന്ദ്ര സർക്കാർ നിർദ്ദേശിച്ച സമയപരിധിക്കുള്ളിൽ ഈ തുക റീ -ഇംബേഴ്സ് ചെയ്തു കിട്ടുന്നതിന് 2022 മാർച്ച് 21 ന് വിശദമായ വിവരങ്ങൾ അടങ്ങുന്ന കത്ത് നൽകി. 2022 ഏപ്രിൽ 27 ന് ഇക്കാര്യം ഓർമ്മിപ്പിച്ച് വീണ്ടും കേന്ദ്ര സർക്കാരിന് കത്തയച്ചു. ധനകാര്യ മന്ത്രിയും ധനവകുപ്പ് സെക്രട്ടറിയും വിവിധ ഘട്ടങ്ങളിൽ ധനസഹായത്തിനായി കേന്ദ്ര സർക്കാരിനെ സമീപിച്ചു .
കേന്ദ്രം ചെയ്തത്:
കേരളം ഉൾപ്പെടെ 22 സംസ്ഥാനങ്ങൾക്കും ധനസഹായം നിഷേധിച്ചു. കേരളത്തിൻ്റെ 750.93 കോടി ഉൾപ്പെടെ സംസ്ഥാനങ്ങൾക്ക് വാഗ്ദാനം ചെയ്ത ആയിരക്കണക്കിനു കോടി രൂപ തട്ടിയെടുത്തു. റീ – ഇംബേഴ്സ്മെന്റ് പദ്ധതി 2022 ഏപ്രിൽ ഒന്നു മുതൽ നിർത്തലാക്കിയതായി സംസ്ഥാനങ്ങളെ അറിയിച്ചു. അറിയിപ്പ് ലഭിക്കുന്നത് 2022 ജൂലൈ 27 ൻ്റെ കത്ത് പ്രകാരം കേരളത്തിൻ്റെ ആവശ്യം അംഗീകരിക്കാത്തതിന് പ്രത്യേക കാരണങ്ങളൊന്നും കത്തിൽ ചൂണ്ടിക്കാണിച്ചില്ല.
വിഹിതം നിഷേധിക്കരുതെന്നാവശ്യപ്പെട്ട് 2022 ആഗസ്ത് 10 നും നവംബർ 14 നും കേരളം വീണ്ടും കേന്ദ്ര സർക്കാരിന് കത്തു നൽകിയെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല. സംസ്ഥാന ബജറ്റ് അവതരിപ്പിച്ച പശ്ചാത്തലത്തിലാണ് ബിജെപി ഗവൺമെന്റിന് കുഴലൂത്ത് ദൗത്യം തുടരുന്ന മാതൃഭൂമിയുടെ ഈ വികല സൃഷ്ടി.