തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് ആരോഗ്യ വകുപ്പ് ആറംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചു. വിവിധ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടർമാരെ ഉൾപ്പെടുത്തിയാണ് മെഡിക്കൽ ബോർഡ് രൂപീകരിച്ചത്. ഉമ്മൻചാണ്ടിയുടെ ആരോഗ്യാവസ്ഥയും ചികിത്സയും മെഡിക്കൽ ബോർഡ് അവലോകനം ചെയ്യും. മെഡിക്കൽ ബോർഡ് അംഗങ്ങൾ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുമായി ആശയവിനിമയം നടത്തും.
മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉമ്മൻ ചാണ്ടി ചികിത്സയിൽ കഴിയുന്ന നെയ്യാറ്റിൻകരയിലെ നിംസ് ആശുപത്രിയിലെത്തി ഡോക്ടറേയും ബന്ധുക്കളേയും കണ്ടിരുന്നു. സന്ദർശന ശേഷം മുഖ്യമന്ത്രിയെ കണ്ട് മന്ത്രി ചർച്ച നടത്തി.