തിരുവനന്തപുരം: ഒരാൾ ഒരു ദിവസം 100 ലിറ്റർ വെള്ളം മാത്രം ഉപയോഗിച്ചാൽ മതിയെന്ന് മന്ത്രി പരിഹസിക്കുന്നു എന്ന തരത്തിലുള്ള വാദങ്ങൾ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഒരാൾക്ക് 100 ലിറ്റർ എന്ന നിലയിൽ അഞ്ചംഗ കുടുംബത്തിന് 500 ലിറ്റർ വെള്ളം മതിയാകില്ലേ എന്നാണ് താൻ ഉദ്ദേശിച്ചതെന്ന് മന്ത്രി ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക് പോസ്റ്റിൽ നിന്ന്:
കേരളത്തിൽ ഒരു കുടുംബത്തിൻ്റെ ശരാശരി പ്രതിദിന ജല ഉപഭോഗം 500 ലിറ്റർ എന്നാണ് കണക്കുകൾ പറയുന്നത്. ജലജീവൻ മിഷൻ പദ്ധതിയിൽ കേന്ദ്രത്തിൻ്റെ കണക്കുകൾ പ്രകാരം ഒരാൾ പ്രതിദിനം 55 ലിറ്റർ ജലമാണ് ഉപയോഗിക്കുന്നത്. കേരളം ഇത് 100 ലിറ്റർ എന്നാണ് കണക്കു കൂട്ടുന്നത്. ഇതുപ്രകാരം അഞ്ചംഗ കുടുംബത്തിൽ 500 ലിറ്റർ എന്നു കണക്കു കൂട്ടുകയാണെങ്കിൽ മാസം 15000 ലിറ്റർ ജലഉപഭോഗം വരും. ബിപിഎൽ കുടുംബങ്ങൾക്ക് 15000 ലിറ്റർ വരെ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യമാണ് സഭയിൽ സൂചിപ്പിക്കാൻ ശ്രമിച്ചത്. ഒരാൾ ദിവസം 100 ലിറ്റർ വെള്ളം മാത്രം ഉപയോഗിച്ചാൽ മതിയെന്ന് മന്ത്രി പരിഹസിക്കുന്നു എന്ന തരത്തിലുള്ള വാദങ്ങൾ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ്. ഇത് ഖേദകരമാണ്.
വെള്ളത്തിൻ്റെ ഉപഭോഗം പൊതുവേ കുറയ്ക്കേണ്ടതിൻ്റെ ആവശ്യകതയും ജനത്തെ ബോധ്യപ്പെടുത്താൻ ആഗ്രഹിക്കുന്നു. കുടിവെള്ളത്തിൻ്റെ ദുരുപയോഗം ജനങ്ങൾ നിയന്ത്രിക്കുന്നത് ഭാവിയിലേക്കുള്ള കരുതൽ കൂടിയാണ്. ഭാവിയിലെ യുദ്ധങ്ങൾ ജലത്തിനു വേണ്ടിയാകും എന്ന മുന്നറിയിപ്പ് നാം അവഗണിക്കേണ്ട. ജലം അമൂല്യമാണെന്നും അതു പാഴാക്കരുതെന്നും ഏവരും മനസിലാക്കുന്നത് വരും തലമുറയ്ക്കു കൂടി ഗുണകരമാകും എന്ന് ഉറപ്പാണ്. യാഥാർത്ഥ്യ ബോധത്തോടെ ഈ വിഷയത്തെ സമീപിക്കണമെന്ന് ഏവരോടും അഭ്യർഥിക്കട്ടെ.