പത്തനംതിട്ട: പുന:സംഘടനയെ ചൊല്ലി കോൺഗ്രസിൽ കലാപം മുറുകി.തമ്മിൽത്തല്ല് രൂക്ഷമായതോടെ പുന:സംഘടനാ മാനദണ്ഡങ്ങൾ അടിക്കടി തിരുത്തി കെപിസിസി സർക്കുലറുകൾ പുറപ്പെടുവിച്ചു കൊണ്ടിരിക്കുകയാണ്. ചില നേതാക്കൾ വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റാൻ നടത്തുന്ന നീക്കങ്ങളും സംഘർഷം മൂർഛിപ്പിച്ചു. ഇതിനിടയിലാണ് അടി മുറുകിയ പത്തനംതിട്ടയിൽ ഡിസിസി പ്രസിഡന്റിൻ്റെ മുറിയുടെ വാതിൽ മുൻ ഡിസിസി പ്രസിഡണ്ട് ചവുട്ടിപ്പൊെളിച്ചത്.
ഡിസിസി പുന:സംഘടനാ യോഗം ചേർന്നത് പ്രസിഡണ്ടിന്റെ മുറിയിലാണ്. നേരത്തേ കെപിസിസി മാനദണ്ഡപ്രകാരം ബ്ലോക്ക് പ്രസിഡണ്ടുമാരെയും ജില്ലാ ഭാരവാഹികളെയും തീരുമാനിക്കാർ ജില്ലാതല സമിതി ഉണ്ടാക്കിയിരുന്നു. എന്നാൽ ഈ സമിതി ഭാരവാഹികളെ സംബന്ധിച്ച് തീരുമാനം എടുക്കാൻ പാടില്ലെന്ന് പുതിയ സർക്കുലർ വന്നു. പത്തനംതിട്ടയിലെ സമിതി യോഗം ചേർന്നപ്പോഴാണ് പുതിയ മാനദണ്ഡം അറിഞ്ഞത്. അതോടെ ബഹളവും ഇറങ്ങിപ്പോക്കും ഒക്കെയായി. സ്ഥാനം നേടാൻ രൂക്ഷമായ തർക്കം നടക്കുന്നതിനിടയിലാണ് മുൻ പ്രസിഡണ്ട് വാതിൽ ചവുട്ടിത്തകർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. കോൺഗ്രസ് നേതാക്കൾ തന്നെയാണ് ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടത്.