തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് വിദഗ്ധചികിത്സ നിഷേധിക്കപ്പെടുന്നുവെന്നും ആരോഗ്യനില വഷളാകുകയാണെന്നും ആരോപിച്ച് സഹോദരൻ ഉൾപ്പെടെ അടുത്ത ബന്ധുക്കൾ രംഗത്ത്. ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സഹോദരനടക്കം 42 അടുത്ത ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി.
തിരുവനന്തപുരത്തെ വസതിയിൽ ഉമ്മൻചാണ്ടിയെ സന്ദർശിക്കാൻ സഹോദരങ്ങൾക്കും മറ്റ് അടുത്ത ബന്ധുക്കൾക്കും അനുമതി ലഭിച്ചില്ലെന്ന് ആക്ഷേപമുണ്ട്. ഉമ്മൻചാണ്ടിക്ക് അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നും ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും ബന്ധുക്കൾ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രി വീണാ ജോർജിനും നൽകിയ നിവേദനത്തിൽ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ഇളയ സഹോദരൻ അലക്സ് വി ചാണ്ടി ഉൾപ്പെടെയുള്ളവരാണ് നിവേദനത്തിൽ ഒപ്പിട്ടിരിക്കുന്നത്.
ജനുവരിയിൽ ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തിയതിന് ശേഷം ഉമ്മൻചാണ്ടിക്ക് തുടർചികിത്സ നൽകിയിട്ടില്ലെന്ന് നിവേദനത്തിൽ ആരോപിക്കുന്നു. തുടർചികിത്സ ശുപാർശ ചെയ്യാൻ വിദഗ്ധ മെഡിക്കൽ സംഘം രൂപീകരിക്കണമെന്നും ആവശ്യമുണ്ട്.
അതേസമയം ആരോഗ്യനില സംബന്ധിച്ച് ചില കോണുകളിൽ നിന്ന് വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണയുണ്ടാകുന്നതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ ഏറെ ഖേദം ഉണ്ടെന്ന് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ ഫെയ്സ്ബുക്ക് ലൈവ് വീഡിയോയിൽ പറഞ്ഞു. ചികിത്സയെ കുറിച്ച് അപ്പപറയും എന്ന ചാണ്ടി ഉമ്മൻ്റെ ആമുഖത്തിനു ശേഷമാണ് അദ്ദേഹത്തിൻ്റെ വിശദീകരണം. ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് എൻ്റെ കുടുംബവും, പാർട്ടിയും, ചികിത്സയുമായി മുന്നോട്ട് പോകുന്നത്. എൻ്റെ രോഗവും ചികിത്സയും സംബന്ധിച്ച് എനിക്കും കുടുംബത്തിനും വ്യക്തമായ ബോധ്യമുണ്ട്. അതുകൊണ്ട്, ഒരാൾക്കെതിരെയും നടത്താൻ പാടില്ലാത്ത വേദനിപ്പിക്കുന്ന പ്രചരണം അവസാനിപ്പിക്കണമെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു.
ഇപ്പോൾ നടക്കുന്ന ദുഷ്പ്രചരണം എനിക്കും കുടുംബാംഗങ്ങൾക്കും വലിയ മാനസിക പ്രയാസമാണ് സൃഷ്ടിക്കുന്നത്. ഞാനിപ്പോഴും കർമ്മമണ്ഡലത്തിൽ തന്നെ സജീവമായി ഉണ്ട്. മരുന്ന് കഴിക്കുന്നതിൻ്റെ ക്ഷീണം എൻ്റെ ശരീരത്തെ അലട്ടുന്നുണ്ട്. മറിച്ചുള്ള പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണ്.
ലോകത്തിലെ മികച്ച വൈദ്യശാസ്ത്രത്തിൻ്റെ നിർദ്ദേശാനുസരണമാണ് എൻ്റെ ചികിത്സ മുന്നോട്ട് പോകുന്നത്. അതുകൊണ്ട് ഇതിന് പിന്നിൽ അറിഞ്ഞോ, അറിയാതെയോ ഇടപെട്ടിട്ടുള്ളവർ ഇനിയെങ്കിലും ഇത്തരം പ്രചരണങ്ങളിൽ നിന്നും പിന്തിരിയണമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
പരാതി പിൻവലിപ്പിക്കാൻ പലരെ കൊണ്ടും സമ്മർദ്ദം ചെലുത്തി; ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അലക്സ് വി ചാണ്ടി