തിരുവനന്തപുരം: വിളർച്ച മുക്ത കേരളത്തിന് ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ ആവിഷ്ക്കരിച്ച വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കേരളം കാമ്പയിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 18ന് കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
സ്ത്രീകളിലെ അനീമിയ കണ്ടെത്തി പരിഹരിക്കുകയും ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കുകയുമാണ് വിവ കേരളം കാമ്പയിൻ പദ്ധതിയുടെ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. 15 മുതൽ 59 വയസുവരെയുള്ള പെൺകുട്ടികളിലും സ്ത്രീകളിലുമാണ് പരിശോധന നടത്തുക.
ദേശീയ കുടുംബാരോഗ്യ സർവേ അനുസരിച്ച് ഇന്ത്യയിൽ അനീമിയയുടെ തോത് 40 ശതമാനത്തിൽ താഴെയുള്ള ഏക സംസ്ഥാനമാണ് കേരളം. ഫലപ്രദമായ ഇടപെടലുകളിലൂടെ വിളർച്ച മുക്ത കേരളമാക്കാനാണ് ലക്ഷ്യമിടുന്നത്. രക്തക്കുറവ് പരിഹരിക്കാനായി അയൺ സമ്പുഷ്ടമായ ഭക്ഷണം, അങ്കണവാടികളിലും സ്കൂളുകളിലും അയൺ ഗുളികകൾ നൽകുക, വിരശല്യം ഒഴിവാക്കുക, ശക്തമായ ബോധവത്ക്കരണം എന്നിവയും ലക്ഷ്യമിടുന്നു.