തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിന് പണം കണ്ടെത്തുന്നതിനായി മദ്യം, പെട്രോൾ ,ഡീസൽ എന്നിവയ്ക്ക് സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തും. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപയാണ് സെസ്. സമൂഹത്തിലെ ദുർബല വിഭാഗങ്ങളിൽ പെട്ടവരുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നത് സർക്കാരിൻ്റെ പ്രധാന കർത്തവ്യമായി തുടരുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. വിവിധ ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായ 6.7 ലക്ഷം പേർ ഉൾപ്പെടെ 57 ലക്ഷം ഗുണഭോക്താക്കൾക്ക് നിലവിൽ പ്രതിമാസ പെൻഷൻ നൽകുന്നുണ്ട്. പൂർണമായും സർക്കാരാണ് പെൻഷൻ നൽകുന്നത്. 11,000 കോടി രൂപ ഇതിന് ആവശ്യമായി വരുന്നുണ്ട്. ഈ കടമ തുടർന്നും നിർവഹിക്കുന്നതിനാണ് സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ട് മുഖേന അധിക ധനസമാഹരണം നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
500 മുതൽ 999 രൂപ വരെ വിലയുള്ള ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് ബോട്ടിലിന് 20 രൂപയും ആയിരം രൂപ മുതൽ മുകളിലോട്ട് ബോട്ടിലിന് 40 രൂപയുമാണ് സാമൂഹ്യ സുരക്ഷാ സെസ്. 400 കോടി രൂപ ഇതു വഴി അധികമായി പ്രതീക്ഷിക്കുന്നു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ നിരക്കിൽ സാമൂഹ്യ സുരക്ഷാ സെസ് ഈടാക്കും. 750 കോടി രൂപയാണ് ഇതു വഴി പ്രതീക്ഷിക്കുന്നത്.
കെട്ടിട നികുതിയും പെർമിറ്റ് ഫീസ് ഉൾപ്പെടെയുള്ള ഫീസുകളും വർധിപ്പിക്കും. ഒരേ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകൾക്കും പുതുതായി നിർമ്മിച്ചതും ദീർഘകാലമായി ഒഴിഞ്ഞു കിടക്കുന്നതുമായ വീടുകൾക്കും പ്രത്യേക നികുതി ചുമത്തും. ചുരുങ്ങിയത് ആയിരം കോടി രൂപ ഇതു വഴി തദ്ദേശ സ്ഥാപനങ്ങൾക്ക് തനത് ഫണ്ടായി ലഭിക്കുമെന്ന് കണക്കാക്കുന്നു. വൈദ്യുത വാഹനങ്ങളുടെ ഒറ്റത്തവണ നികുതി 5 ശതമാനമായി കുറച്ചു. കോൺട്രാക്റ്റ് / സ്റ്റേജ് കാര്യേജ് വാഹന നികുതിയിൽ 10 % വരെ കുറവ് വരുത്തി. ഭൂമിയുടെ ന്യായവില 20 ശതമാനം വർധിപ്പിച്ചു.
നികുതി നിർദ്ദേശങ്ങൾ: മാനനഷ്ടം, സിവിൽ നിയമലംഘനം എന്നിവയുമായി ബന്ധപ്പെട്ട കേസുകൾക്കുള്ള കോടതി ഫീസ് ക്ലെയിം തുകയുടെ 1% ആയി നിജപ്പെടുത്തും. പുതുതായി വാങ്ങുന്ന 2 ലക്ഷം രൂപ വരെ വിലയുള്ള മോട്ടോർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയിൽ 2% വർദ്ധനവ്.
പുതുതായി വാങ്ങുന്ന മോട്ടോർ കാറുകളുടെയും സ്വകാര്യ ആവശ്യങ്ങൾക്കുപയോഗിക്കുന്ന പ്രൈവറ്റ് സർവ്വീസ് വാഹനങ്ങളുടെയും നിരക്കിൽ ചുവടെ പറയും പ്രകാരം വർദ്ധനവ് വരും.
5 ലക്ഷം വരെ വിലയുള്ളവ – 1% വർദ്ധനവ്
5 ലക്ഷം മുതൽ 15 ലക്ഷം വരെ – 2% വർദ്ധനവ്
15 ലക്ഷം മുതൽ 20 ലക്ഷം വരെ – 1% വർദ്ധനവ്
20 ലക്ഷം മുതൽ 30 ലക്ഷം വരെ – 1% വർദ്ധനവ്
30 ലക്ഷത്തിന് മുകളിൽ – 1% വർദ്ധനവ്
പുതുതായി വാങ്ങുന്ന ഇലക്ട്രിക് മോട്ടോർ ക്യാബ്, ഇലക്ട്രിക് ടൂറിസ്റ്റ് മോട്ടോർ ക്യാബ് എന്നിവയ്ക്ക് നിലവിൽ വാഹനവിലയുടെ 6% മുതൽ 20% വരെയുള്ള തുകയാണ് ഒറ്റത്തവണ നികുതിയായി ഈടാക്കി വരുന്നത്. ഇത്തരം വാഹനങ്ങളുടെ ഒറ്റത്തവണ നികുതി ഇലക്ട്രിക് സ്വകാര്യ വാഹനങ്ങളുടെ നികുതിയ്ക്ക് തുല്യമായി വാഹന വിലയുടെ 5% ആയി കുറച്ചു.
കോൺട്രാക്ട് കാര്യേജ്/ സ്റ്റേജ് കാര്യേജ് വാഹന ഉടമകൾക്ക് ആശ്വാസം പകരുന്നതിനായി നികുതിയിൽ 10% കുറവ്. പുതുതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ ഒറ്റത്തവണ സെസ്സ് വർദ്ധിപ്പിച്ചു.
ഇരുചക്രവാഹനം – 100 രൂപ
ലൈറ്റ് മോട്ടോർ വെഹിക്കിൾ – 200 രൂപ
മീഡിയം മോട്ടോർ വാഹനം – 300 രൂപ
ഹെവി മോട്ടോർ വാഹനം – 500 രൂപ
അൺ എയ്ഡഡ് മേഖലയിലെ സ്പെഷ്യൽ സ്കൂളുകളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്കൂൾ ബസ്സുകളുടെ നികുതി സർക്കാർ മേഖലയിലെ സ്കൂളുകളുടെ നികുതിയ്ക്ക് തുല്യമാക്കി. അബ്കാരി കുടിശ്ശിക തീർപ്പാക്കുന്നതിനായി പുതിയ ആംനസ്റ്റി സ്കീം. ഹോർട്ടി വൈൻ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യൻ നിർമ്മിത വൈനിൻ്റെ അതേ നികുതി ഘടനതന്നെ നടപ്പിലാക്കും. സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ കുറവ് വരുത്തിയിരുന്ന ഫ്ളാറ്റുകൾ/അപ്പാർട്ട്മെന്റുകൾ എന്നിവയുടെ മുദ്രവില 5%-ൽ നിന്നും 7% ആക്കി. സറണ്ടർ ഓഫ് ലീസ് ആധാരങ്ങളുടെ രജിസ്ട്രേഷൻ ഫീസ് 1000 രൂപയാക്കി കുറച്ചു. മൈനിംഗ് & ജിയോളജി മേഖലയിൽ പാറകളുടെ തരവും വലുപ്പവും അടിസ്ഥാനമാക്കി വ്യത്യസ്ത വില സംവിധാനം ഏർപ്പെടുത്തും. സർക്കാർ ഭൂമിയുടെ പാട്ട വാടക ഭൂമിയുടെ ന്യായവിലയെ അടിസ്ഥാനമാക്കിയുള്ളതാക്കും.