തിരുവനന്തപുരം: ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൻ്റെ കവർ ചിത്രമായി ഉപയോഗിച്ചത് ‘ബേർഡ് ഇൻ സ്‌പേസ്’ ശില്പം. വിലക്കുകളും ബന്ധനങ്ങളും ഭേദിച്ച് ഉയരങ്ങളിലേക്ക് കുതിക്കുവാൻ വെമ്പുന്ന ചലനത്തെ പ്രതീകവൽക്കരിക്കുന്ന ശിൽപമാണ് ഇത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രസിദ്ധ ശില്പികളിൽ ഒരാളായ കോൺസ്റ്റാന്റിൻ ബ്രാങ്ക്യുഷ് എന്ന റൊമേനിയൻ ശില്പിയുടെതാണ് ‘ബേർഡ് ഇൻ സ്‌പേസ്’ എന്ന ശില്പം.
ഞെരിച്ചുകൊല്ലാൻ ശ്രമിക്കുമ്പോഴും അതിൽ നിന്നെല്ലാം കുതറിമാറി കേരളം ഉയരങ്ങളിലേക്കു കുതിക്കുമെന്നുതന്നെയാണ് ഈ കവർ ചിത്രം പറയുന്നത്. ഒരു പക്ഷി അന്തരീക്ഷത്തിലേക്ക് ഉയരുന്നതിൻ്റെ ഏറ്റവും അടിസ്ഥാനമായ രൂപ സാദൃശ്യത്തെ മാത്രം സ്വീകരിച്ച് ലളിതമായി അവതരിപ്പിക്കുന്ന മിനിമലിസ്റ്റ് രീതിയിലുള്ള ശില്പമാണിത്. ശിൽപത്തിൻ്റെ മുകൾഭാഗം പക്ഷിയുടെ കൂർത്ത ചുണ്ടും, താഴ്ഭാഗം ഒതുക്കിവച്ച വാലുമാണ്. പലതലങ്ങളിലും അർത്ഥവ്യാപ്തിയിലും കേരളത്തിൻ്റെ ബജറ്റിന് സർവ്വഥാ യോഗ്യമായ കവർ ചിത്രം.
ഏഴ് മാർബിൾ ശിൽപങ്ങളും ഒൻപത് പിച്ചള ശിൽപങ്ങളുമാണ് ബ്രാങ്ക്യുഷിൻ്റെ ഈ ശിൽപ പരമ്പരയിലുള്ളത്. 287.7 സെൻറീമീറ്ററാണ് ഉയരം. കൃത്യം നൂറുവർഷം മുൻപ്, 1923ലാണ് ബ്രാങ്ക്യുഷ് ഇതിൻ്റെ നിർമാണത്തിന് തുടക്കമിടുന്നത്. ശിൽപസൃഷ്ടിയുടെ നൂറാം വർഷത്തിലാണ് കേരളത്തിൽ അതിന് ഇത്തരമൊരു അംഗീകാരം കിട്ടുന്നതെന്ന പ്രത്യേകതയുമുണ്ട്. 82 വർഷങ്ങൾക്കുശേഷം 2005ൽ 27.5 മില്യൺ ഡോളറിനാണ് ഈ ശിൽപം ലേലത്തിൽ വിറ്റത്.