തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത് കാർഡ് എടുക്കാത്തവർക്കെതിരെ ഫെബ്രുവരി 16 മുതൽ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കാർഡ് എടുക്കുന്നതിന് രണ്ടാഴ്ച കൂടി സാവകാശം അനുവദിക്കും. ഹെൽത്ത് കാർഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതൽ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ചാണിത്.
അതേസമയം ഫെബ്രുവരി ഒന്നുമുതൽ ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ ശക്തമായ പരിശോധന തുടരുന്നതാണ്. ഹെൽത്ത് കാർഡില്ലാത്തവർക്ക് ഫെബ്രുവരി 15നകം ഹെൽത്ത് കാർഡ് ഹാജരാക്കുവാൻ നിർദേശം നൽകും. സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെൽത്ത് കാർഡ് എടുക്കേണ്ടതാണ്. ഒരു വർഷമാണ് ഹെൽത്ത് കാർഡിൻ്റെ കാലാവധി.
അതത് ജില്ലകളിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും ഫെബ്രുവരി ഒന്നു മുതൽ പരിശോധന നടത്തും. ഭക്ഷ്യസുരക്ഷാ പ്രത്യേക പരിശോധനയ്ക്കായുള്ള ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സ്പെഷ്യൽ ടാസ്ക് ഫോഴ്സും (ഇന്റലിജൻസ്) പരിശോധനകൾ നടത്തും. സ്ഥാപനങ്ങൾ കൂടാതെ മാർക്കറ്റുകൾ ചെക്ക് പോസ്റ്റുകൾ എന്നിവിടങ്ങളിലും പൊതുജനങ്ങളുടെ പരാതി അനുസരിച്ചും പരിശോധന നടത്തും.
ഭക്ഷണ പായ്ക്കറ്റുകളിൽ ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പുള്ള സ്ലിപ്പോ സ്റ്റിക്കറോ നിർബന്ധമാണ്. ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളിൽ കഴിക്കണം എന്നിവ ഇതിൽ വ്യക്തമാക്കിയിരിക്കണം. സ്റ്റിക്കറിൽ കാണിച്ച സമയത്തിന് ശേഷം ആ ഭക്ഷണം കഴിക്കരുത്. ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ മൊബൈൽ ആപ്പ് സാങ്കേതിക അനുമതി ലഭിച്ചാലുടൻ ജനങ്ങളിലെത്തും. ഇതോടെ ജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാകും.