തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നതടക്കമുള്ള കാര്യങ്ങൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിന് മുമ്പുള്ള നിർബന്ധിത കോവിഡ് പരിശോധന ഒഴിവാക്കി. മരിച്ച വ്യക്തിക്ക് കോവിഡ് ആണെന്ന് സംശയം തോന്നിയാൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് മതിയാകും. പോസ്റ്റ്മോർട്ടം സമയത്ത് എല്ലാ ആരോഗ്യ പ്രവർത്തകരും പിപിഇ കിറ്റ്, എൻ 95 മാസ്ക്, രണ്ട് ഗ്ലൗസ്, ഫേസ് ഷീൽഡ് തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം.
കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം കുളിപ്പിക്കുകയാണെങ്കിൽകോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്. 60 വയസിന് മുകളിലുള്ളവരും ഹൃദ്രോഗം, പ്രമേഹം മുതലായ ഗുരുതര രോഗമുള്ളവരും കോവിഡ് ബാധിച്ചവരുടെ മൃതദേഹവുമായി നേരിട്ടിടപെടരുത്. വീട്ടിൽ വച്ച് മരണം സംഭവിച്ചാൽ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരെ അറിയിച്ച് അവർ നൽകുന്ന മാർഗനിർദേശങ്ങൾ പാലിക്കേണ്ടതാണ്.