തിരുവനന്തപുരം: തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള പോഷ് ആക്ട് (Sexual Harassment of Women at Work Place (Prevention, Prohibition and Redressal) Act, 2013 – POSH Act) ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള വനിത ശിശുവികസന വകുപ്പിൻ്റെ പോഷ് കംപ്ലയൻസ് പോർട്ടൽ (http://posh.wcd.kerala.gov.in) സജ്ജമായി. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പോർട്ടൽ ലോഞ്ച് ചെയ്തു.
പോഷ് ആക്ട് ഫലപ്രദമായി നടപ്പാക്കുന്നതിനും സ്ത്രീകൾക്ക് ലഭ്യമാകേണ്ട നിയമ സംരക്ഷണവും നീതിയും ഉറപ്പാക്കുന്നതിനും മേൽനോട്ട സംവിധാനത്തിനുമാണ് പോഷ് കംപ്ലയന്റ്സ് പോർട്ടൽ സജ്ജമാക്കിയതെന്ന് മന്ത്രി പറഞ്ഞു. സ്ഥാപനങ്ങളുടെ കമ്മിറ്റികൾ, മെമ്പർമാർ, ഈ ആക്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകൾ എന്നിവ ഈ പോർട്ടലിൽ എല്ലാ സ്ഥാപനങ്ങളും അപ് ലോഡ് ചെയ്യണം. 10 സ്ത്രീകളിലധികം ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും ആക്ട് അനുസരിച്ചുള്ള ഇന്റേണൽ കംപ്ലയന്റ്സ് കമ്മിറ്റി നിലവിലുണ്ടായിരിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ആദ്യമായാണ് ഇങ്ങനെയൊരു സംവിധാനം ആവിഷ്ക്കരിച്ചിരിക്കുന്നത്. ഇതു വഴി സംസ്ഥാനത്ത് നിലവിലുള്ള എല്ലാ ഇന്റേണൽ കംപ്ലയന്റ്സ് കമ്മിറ്റികളുടേയും പ്രവർത്തനങ്ങൾ കൃത്യമായി മോണിറ്റർ ചെയ്യുന്നതിനും ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിനും വകുപ്പിന് സാധിക്കും.