തിരുവനന്തപുരം: ഭക്ഷണം പാകം ചെയ്യുകയും വിൽപ്പനയും വിതരണവും നടത്തുകയും ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാർക്കും ഫെബ്രുവരി ഒന്നു മുതൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഭക്ഷണം കൈകാര്യം ചെയ്യുന്നവരിലൂടെ അപകടകാരികളായ വൈറസുകളും ബാക്ടീരിയയും അടക്കമുള്ള സൂക്ഷ്മ ജീവികൾ പകർന്ന് രോഗമുണ്ടാകാൻ സാദ്ധ്യതയുള്ള സാഹചര്യം കണക്കിലെടുത്താണിത്. ജീവനക്കാർ പകർച്ചവ്യാധികൾ, മുറിവ്, മറ്റ് രോഗങ്ങൾ തുടങ്ങിയവ ഇല്ലാത്തവരാണെന്ന് ഉറപ്പാക്കുന്നതിനായി മെഡിക്കൽ പരിശോധന നടത്തും. വ്യാജ സർട്ടിഫിക്കറ്റ് നൽകുന്നവർക്കെതിരേയും കൈവശം വയ്ക്കുന്നവർക്കെതിരേയും നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് റഗുലേഷൻ പ്രകാരം മെഡിക്കൽ പരിശോധനയ്ക്ക് വിധേയമായി ലഭിക്കുന്ന മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സ്ഥാപനത്തിൽ സൂക്ഷിക്കണ്ടതാണ്. കാർഡ് ഇല്ലാത്ത സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിക്കുന്നത് ഉൾപ്പെടെയുള്ള നിയമപരമായ നടപടി സ്വീകരിക്കും. എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ഹൈജീൻ റേറ്റിംഗ് എടുക്കണം.
കാർഡ് എടുക്കുന്നതിന് രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റാണ് ആവശ്യം. എഫ്.എസ്.എസ്.എ.ഐയുടെ വെബ് സൈറ്റിൽ നിന്നും മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഫോം (http://fda.uk.gov.in/document/performa-for-medical-fitness-certificate-for-food-handlers-19221.pdf) ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഡോക്ടറുടെ നിർദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങൾ, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശാധന, പകർച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉൾപ്പെടെ നടത്തണം. ഒരു വർഷമാണ് ഹെൽത്ത് കാർഡിൻ്റെ കാലാവധി.