തിരുവനന്തപുരം: സംസ്ഥാനത്ത് എഫ്.എസ്.എസ്. ആക്ട് പ്രകാരം മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ അടപ്പിച്ച സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഭക്ഷ്യ സുരക്ഷാ പരിശീലനം നിർബന്ധമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഈ നിയമ പ്രകാരം ഭക്ഷണം പാകം ചെയ്യുന്നതും വിൽപ്പനയും വിതരണവും നടത്തുകയും ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർ ഭക്ഷ്യ സുരക്ഷാ പരീശീലനം നേടേണ്ടതാണ്. അടപ്പിച്ച സ്ഥാപനങ്ങൾ തുറന്നു കൊടുക്കുമ്പോൾ ജീവനക്കാർ രണ്ടാഴ്ചയ്ക്കകം ഭക്ഷ്യ സുരക്ഷാ പരീശീലനം നേടണം.
തിരുവനന്തപുരം ജില്ലയിൽ അടുത്തിടെ അടപ്പിച്ച 35 ഹോട്ടലുകളിലെ ജീവനക്കാർക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി. എഫ്.എസ്.എസ്. നിയമ പ്രകാരം ഷെഡ്യൂൾ നാലിൽ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങളെപ്പറ്റി കൃത്യമായ അവബോധം ഉണ്ടാക്കുകയാണ് പരിശീലന ലക്ഷ്യം.
785 സ്ഥാപനങ്ങൾ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഹൈജീൻ റേറ്റിംഗ് നേടിയിട്ടുണ്ട്. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾ (137) ഹൈജീൻ റേറ്റിംഗ് നേടിയത്. ഹൈജീൻ സർട്ടിഫിക്കറ്റ് ലഭിച്ച സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ വെബ് സൈറ്റിൽ ലഭ്യമാക്കും. ഇതോടൊപ്പം ഭക്ഷ്യ സുരക്ഷാ വകുപ്പ് പുറത്തിറക്കുന്ന മൊബൈൽ ആപ്പിലൂടെയും ഹൈ ജീൻ റേറ്റിംഗുള്ള സ്ഥാപനങ്ങൾ കണ്ടെത്താനാകും.