എൻ ഐ എ കേസെടുത്തതിന് കെ എസ് ആർ ടി സി ബസ് തല്ലിപ്പൊളിച്ച പോപ്പുലർ ഫ്രണ്ടുകാർ ഇപ്പോൾ വിവരം അറിഞ്ഞു തുടങ്ങി. പൊതു സ്വത്ത് നശിപ്പിച്ചതിന് ഹൈക്കോടതി ഉത്തരവു പ്രകാരം പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടാൻ തുടങ്ങിയിരിക്കുകയാണ്. കേന്ദ്ര സർക്കാർ ഏജൻസിയായ എൻ ഐ എ തീവ്രവാദ കേസുകളുമായി ബന്ധപ്പെട്ട് റെയിഡ് നടത്തി നേതാക്കളെ കസ്റ്റഡിയിലെടുത്തതിൻ്റെ പേരിൽ പോപ്പുലർ ഫ്രണ്ടുകാർ വാളെടുത്തത് സംസ്ഥാന സർക്കാരിനും ജനങ്ങൾക്കും നേരെയാണ്.
മിന്നൽ ഹർത്താൽ പ്രഖ്യാപിച്ച് കലാപത്തിനിറങ്ങിയത് കഴിഞ്ഞ സപ്തംബർ 23 ന്. എൻ ഐ എ റെയിഡ് നടത്തിയതിന് സംസ്ഥാന സർക്കാരും നാട്ടുകാരും എന്തു പിഴച്ചു, കേരള പോലീസാണോ കേസെടുത്തത്, അത്തരം ചോദ്യങ്ങളൊന്നും പോപ്പുലർ ഫ്രണ്ടുകാർക്ക് ബാധകമല്ല. കേസെടുത്തതും അന്വേഷണം നടത്തിയതും കസ്റ്റഡിയിലെടുത്തതും കേന്ദ്ര കുറ്റാന്വേഷണ ഏജൻസി. എൻ ഐ എ ആകട്ടെ, അന്വേഷണം തുടരുകയുമാണ്. എന്നാൽ കിട്ടിയ അവസരം മുതലാക്കി മിന്നൽ ഹർത്താലുമായി പോപ്പുലർ ഫ്രണ്ടുകാർ തെരുവിലിറങ്ങി. ഓർക്കാപ്പുറത്തെ ഹർത്താലിൽ വഴിയിൽ കുടുങ്ങിയവരൊക്കെ പോപ്പുലർ ഫ്രണ്ടുകാരുടെ കൈക്കരുത്തറിഞ്ഞു.
പിടിച്ചത് കേന്ദ്ര സർക്കാരാണെങ്കിലും അടി സംസ്ഥാനത്തിനിരിക്കട്ടെ എന്ന മട്ടിൽ സർക്കാർ സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും നേരെ തിരിഞ്ഞു. സ്ഥാപനങ്ങളും വാഹനങ്ങളും അടിച്ചും എറിഞ്ഞും തകർത്തു. കെ എസ് ആർ ടി സി ബസുകൾക്കു നേരെയായിരുന്നു കടുത്ത പരാക്രമം. സംസ്ഥാനത്താകെ ഹർത്താലിൻ്റെ പേരിൽ വലിയ നാശനഷ്ടങ്ങൾ വരുത്തി. കെ എസ് ആർ ടി സിയുടേതടക്കം അഞ്ചു കോടി 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കുകൾ.
മിന്നൽ ഹർത്താൽ നടത്തിയതിനും പൊതുസ്വത്ത് നശിപ്പിച്ചതിനും ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. രണ്ടാഴ്ചക്കുള്ളിൽ നഷ്ടപരിഹാര തുക കെട്ടിവയ്ക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടതാണ്. അവർ അനങ്ങിയില്ല. തുടർന്നാണ് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെയും പ്രതികളുടെയും സ്ഥാവര ജംഗമ സ്വത്തുകൾ കണ്ടുകെട്ടാൻ ഹൈക്കോടതി ആവശ്യപ്പെട്ടത്. ജനുവരി 23 ന് കണ്ടുകെട്ടൽ നടപടി സംബന്ധിച്ച് സംസ്ഥാന സർക്കാർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകണം.
സംസ്ഥാന ജനറൽ സെക്രട്ടറി, ഭാരവാഹികൾ തുടങ്ങിയവരുടെ സ്വത്ത് കണ്ടുകെട്ടുന്നതിൽ ഉൾപ്പെടുന്നു. കേന്ദ്ര ഗവൺമെന്റ് നടപടിയുടെ പേരിൽ സംസ്ഥാന സർക്കാരിനും ജനങ്ങൾക്കുമെതിരെ കലാപം അഴിച്ചു വിട്ട പോപ്പുലർ ഫ്രണ്ടുകാർ ഇപ്പോൾ അതിൻ്റെ പ്രത്യാഘാതം നേരിടുകയാണ്. വീടുകളും ഭൂമിയും ഓഫീസ് അടക്കമുള്ള കെട്ടിടങ്ങളും കണ്ടുകെട്ടുന്നതിൽ പെടുന്നു.