ഗുണ്ടകളും മാഫിയ സംഘങ്ങളുമായി ബന്ധം പുലർത്തുന്ന പോലീസുദ്യോഗസ്ഥർക്കെതിരെ സംസ്ഥാന സർക്കാർ കടുത്ത നടപടി തുടരുമ്പോൾ പോലീസ് സേനയെ ആകെ താറടിക്കാൻ മാധ്യമങ്ങളും പ്രതിപക്ഷവും. ക്രിമിനൽ ബന്ധം പുലർത്തുന്നവർ പോലീസ് സേനയുടെ ഭാഗമായി തുടരില്ലെന്ന് എൽ ഡി എഫ് സർക്കാർ മുന്നറിയിപ്പ് നൽകിയതാണ്. എന്നാൽ സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നെന്നു വരുത്താൻ കഠിനാധ്വാനം ചെയ്യുന മാധ്യമങ്ങൾ ആഞ്ഞുപിടിച്ച് ദുഷ് പ്രചാരണം തുടരുന്നു. 2016 ൽ എൽ ഡി എഫ് സർക്കാർ അധികാരമേറ്റശേഷം 2021 ഡിസംബർ വരെയുള്ള കാലയളവിൽ പോലീസുകാർ പ്രതികളായി 828 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2011 ൽ യു ഡി എഫ് ഭരണത്തിൽ വന്ന് മൂന്നു വർഷം കൊണ്ട് ക്രിമിനൽ കേസിൽ പെട്ടത് 976 പോലീസുകാരാണ്. പോലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കുന്ന ഉദ്യോഗസ്ഥരെ നേരത്തേയും സർവീസിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ക്രിമിനൽ കേസിൽ പെട്ട വിവിധ റാങ്കുകളിലുള്ള എട്ട് പോലീസുദ്യോഗസ്ഥരെ 2017 നു ശേഷം എൽ ഡി എഫ് ഗവൺമെന്റ് പിരിച്ചു വിട്ടു. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടും അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടും പോലീസുദ്യോഗസ്ഥരെ 2022 ലും പിരിച്ചു വിട്ടു.
മൊത്തം പോലീസ് സേനയുടെ 1.56 ശതമാനം മാത്രമാണ് 2016 മുതൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടത്. എന്നാൽ പോലീസ് സേനയെ ആകെ കരിവാരിത്തേക്കാനാണ് മാധ്യമ – പ്രതിപക്ഷ നീക്കം. കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും കേരള പോലീസ് രാജ്യത്ത് മുന്നിൽ നിൽക്കുന്നു. പോലീസ് സേനയിലെ അഴിമതി സംബന്ധിച്ച് ഇന്ത്യൻ പോലീസ് ഫൗണ്ടേഷൻ നടത്തിയ സർവ്വേയിൽ സത്യസന്ധതയ്ക്കും കാര്യക്ഷമതയ്ക്കുമുള്ള അംഗീകാരം കേരള പോലീസിന് ലഭിച്ചു. ഇലക്ട്രോണിക് തെളിവുകൾ ശേഖരിക്കുന്നതിൽ മികവു പുലർത്തിയതിനുൾപ്പെടെ നിരവധി അംഗീകാരങ്ങൾ കേരള പോലീസിനെ തേടിയെത്തി. കോളിളക്കം സൃഷ്ടിച്ച എല്ലാ കേസുകളിലും പ്രതികളെ കണ്ടെത്താനും സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാനും പോലീസിനു കഴിഞ്ഞു.
കൂടത്തായി വധക്കേസ്, പത്തനംതിട്ട ഉത്ര വധക്കേസ്, പാറശ്ശാലയിലെ ഷാരോൺ വധക്കേസ്, പത്തനംതിട്ട ഇലന്തൂരിലെ നരബലി തുടങ്ങിയവ കേരള പോലീസിൻ്റെ കുറ്റാന്വേഷണ മികവ് തെളിയിച്ചു. ഒരിക്കലും തെളിയിക്കാനാവില്ലെന്നു കരുതിയ കേസുകളിൽ അടക്കം കുറ്റവാളികളെ പിടികൂടി സാമർഥ്യം പ്രകടിപ്പിച്ചു.
പോലീസുദ്യോഗസ്ഥർക്കെതിരെ ഉയരുന്ന എല്ലാ പരാതികളിലും കൃത്യമായി അന്വേഷണം നടത്തി കടുത്ത നടപടികളാണ് സർക്കാർ എടുക്കുന്നത്. ഇപ്പോൾ ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയ വിവിധ റാങ്കുകളിലുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി ആരംഭിച്ചിരിക്കുകയാണ് ഡി വൈ എസ് പി വരെയുള്ളവർ ഇതിൽ പെടുന്നു.