തലസ്ഥാന നഗരത്തിൽ യൂത്ത് ലീഗുകാർ കയറു പൊട്ടിച്ചഴിഞ്ഞാടി തല്ല് ചോദിച്ചു വാങ്ങിയപ്പോൾ നൊന്തത് മനോരമക്ക്. സംസ്ഥാന സർക്കാരിന്റേത് ജനദ്രോഹ നയമെന്ന് പറഞ്ഞായിരുന്നു യൂത്ത് ലീഗിൻ്റെ സെക്രട്ടറിയറ്റ് മാർച്ച്. മൂത്ത ലീഗും യൂത്ത് ലീഗും തമ്മിൽ പോര് കൊടുസിരി കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതായിരിക്കുകയാണ്. അപ്പോഴാണ് സംസ്ഥാന സർക്കാരിൻ്റെ ജനദ്രോഹത്തെ കുറിച്ച് ഓർമ്മ വന്നത്. അങ്ങനെ തമ്മിൽ തല്ല് മൂടിവെക്കാനുള്ള പൊടിമരുന്നായി സെക്രട്ടറിയറ്റ് മാർച്ച് രൂപപ്പെട്ടു. സംസ്ഥാനത്തിൻ്റെ പലഭാഗത്തു നിന്നായി തലസ്ഥാന നഗരത്തിൽ തമ്പടിച്ച യൂത്ത് ലീഗുകാർ ഉദ്ഘാടനവും നേതാക്കന്മാരുടെ ഉദ്ബോധനവും കഴിഞ്ഞാണ് കയറു പൊട്ടിച്ചത്. പിന്നെ പോലീസുകാരുടെ നേരെ തിരിഞ്ഞു. സർക്കാരിനെ നേരിടാൻ കൊണ്ടുവന്ന കുപ്പിയും വടിയും പോലീസുകാർക്കു നേരെ പ്രയോഗിച്ചു – തുരു തുരാ കല്ലെറിഞ്ഞു. സെക്രട്ടറിയറ്റിനകത്തേക്ക് ചാടിക്കയറാൻ ശ്രമിച്ചു. അടിയും ഏറും സഹിക്കാനാവാതെ വന്നപ്പോൾ പോലീസ് തിരിച്ചു തല്ലി. നല്ല നെരിവട്ടം അടി. കണ്ണീർ വാതകം പ്രയോഗിച്ചു. വെല്ലുവിളി മുഴക്കിയ യൂത്ത് ലീഗുകാർക്ക് കണക്കിനു കിട്ടി.
നഗരത്തിൽ കലാപത്തിന് പ്ലാൻ ചെയ്തു വന്ന യൂത്ത് ലീഗുകാർ പോലീസ് ഉണർന്നപ്പോൾ ഓടി മറഞ്ഞു. ബുധനാഴ്ച സകല ചാനലുകളും പറഞ്ഞത് യൂത്ത് ലീഗുകാർ പോലീസിനെ ആക്രമിച്ചു എന്നാണ്. കല്ലും വടിയും കുപ്പിയുമായി ആക്രമിക്കുന്നതിൻ്റെ ദൃശ്യങ്ങളും കാട്ടി. എന്നാൽ മനോരമ പത്രം യൂത്ത് ലീഗുകാരെ പണിപ്പെട്ട് വെള്ള പൂശിയിട്ടുണ്ട്. കണ്ണീർ വാതക ഷെല്ല് ഗ്രനേഡേറാക്കിയും മറ്റുമാണ് മനോരമയുടെ നിഴൽ യുദ്ധം.